കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സന്ദർശിക്കാൻ മന്ത്രിമാർ ഇന്നെത്തും; വികസനവഴി തെളിയും?

Monday 07 July 2025 12:04 AM IST
കെ.എസ്.ആർ.ടി.സി

തൃശൂർ: പരാധീനതകൾക്കു നടുവിലുളള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ വികസനവഴി തെളിയിക്കാൻ മന്ത്രിമാർ ഇന്നെത്തും. രാവിലെ പത്തിന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും റവന്യൂമന്ത്രി കെ.രാജനുമാണ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സന്ദർശിക്കുന്നത്. പൊളിഞ്ഞ റോഡും വെള്ളക്കെട്ടും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടവും അടക്കം നിരവധി പ്രതിസന്ധികളിലാണ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെട്ടിടം പൊളിച്ച് പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.കേരളത്തിൽ ഏറ്റവും കൂടുതൽ ബസുകളെത്തുന്ന സ്റ്റാൻഡുകളിൽ ഒന്നായ തൃശൂരിൽ ഭൗതികസാഹചര്യങ്ങൾ ദയനീയമാണ്. കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരോടൊപ്പമുണ്ടാകും.

സന്ദർശനങ്ങൾ പലത്

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രിമാരും എം.എൽ.എയും അസി. എൻജിനീയറും ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ മുൻപും സന്ദർശിച്ചിരുന്നു. നിർമ്മാണപ്രവർത്തന നടപടികൾക്ക് ഉടൻ തുടക്കമാകുമെന്ന് പലപ്പോഴും അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. മറ്റൊരു താത്കാലിക സ്റ്റാൻഡ് കണ്ടെത്തുക എന്നതാണ് നിർമ്മാണത്തിന്റെ മുന്നോടിയായുള്ള പ്രാഥമിക വെല്ലുവിളിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മഴ, കുഴി, കുരുക്ക്...

സ്റ്റാൻഡിലെ പ്രധാന പ്രശ്‌നം പാർക്കിംഗാണ്. മഴക്കാലത്ത് ബസുകൾ പാർക്ക് ചെയ്യാനാവാതെ സ്റ്റാൻഡിലേക്കുളള റോഡിൽ കുടുങ്ങും. മഴയൊഴിഞ്ഞ ദിവസങ്ങളുണ്ടായിട്ടും സ്റ്റാൻഡിലെ കുഴികൾ നികത്തിയിട്ടില്ല. യാത്രക്കാർ ബസിൽ നിന്നും കാൽവയ്ക്കുന്നതു തന്നെ ചെളിക്കുഴിയിലേക്കാണ്. സ്റ്റാൻഡിനുള്ളിലും കിഴക്കുഭാഗത്ത് വർക്ക് ഷോപ്പിലും ഓട്ടോറിക്ഷ പാർക്കിംഗിന് മുന്നിലുമാണ് വലിയ വെള്ളക്കെട്ടുള്ളത്.

ഉൾക്കൊള്ളാനാകാതെ കാത്തിരിപ്പ് കേന്ദ്രം

യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലവും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയാണ്. സ്റ്റാൻഡിൽ ബസുകൾ കയറ്റിയിടുന്ന ഇടങ്ങളും നശിച്ചു. യാത്രക്കാർക്ക് ബാഗുകൾ നിലത്തുവയ്ക്കാൻ കഴിയില്ല. ഇരിപ്പിടങ്ങളുടെ ചുവട്ടിലും മഴ വെള്ളമാണ്. ഹോട്ടലുകളുടെ മുന്നിലുള്ള സ്ഥലത്ത് മാത്രമാണ് ടൈൽസ് വിരിച്ചിട്ടുള്ളത്. ശൗചാലയങ്ങളിലും യാത്രക്കാരുടെ തിരക്കാണ്. ഇവിടം വൃത്തിഹീനവുമാണ്. അനൗൺസ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ വരുന്നതുകൊണ്ട് ബസുകൾ എവിടെയാണെന്നുള്ള ആശങ്കയും യാത്രക്കാർക്കുണ്ട്.

സ്റ്റാൻഡിന്റെ വികസനം സാദ്ധ്യമാക്കാനുളള നടപടികളാണ് നടക്കുന്നത്.

പി.എ.അഭിലാഷ്, എ.ടി.ഒ, തൃശൂർ ഡിപ്പോ