ഇരിങ്ങാലക്കുട ഇനി 'കൂൺ ഗ്രാമം'

Monday 07 July 2025 12:05 AM IST

തൃശൂർ: സംസ്ഥാന കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട മണ്ഡലത്തെ തെരഞ്ഞെടുത്തതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഏറെ പോഷകഗുണമുള്ള കൂണിന്റെ ഉത്പാദന വർദ്ധനവും മൂല്യവർദ്ധനവും ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതി. മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് കൂൺ ഗ്രാമം പദ്ധതി മുതൽക്കൂട്ടാവും. നൂറ് ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു വിത്തുല്പാദന യൂണിറ്റ്, പത്ത് കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്‌കരണ യൂണിറ്റുകൾ, നൂറു കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. കഴിഞ്ഞ വർഷം ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ഈ വർഷമാണ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വികസിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.