ചികിത്സാനിരക്കിന് പൊതുമാനദണ്ഡം കൊണ്ടുവരണം: സി.പി.ഐ

Monday 07 July 2025 12:15 AM IST
സി.പി. സന്തോഷ് കുമാർ

കണ്ണൂർ: കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെയും ശാസ്ത്രീയമായ നിയമനിർമ്മാണം വഴിയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ചികിത്സാ നിരക്കുകളിൽ ഭീമമായ അന്തരങ്ങളാണുള്ളത്. ഒരേ തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിൽ വ്യത്യസ്ത നിരക്കുകളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. വാഹന അപകടമുൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്ക് സ്വകാര്യ ആശുപത്രിയിലെത്തികഴിഞ്ഞാൽ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്.

അത്യാസന്ന നിലയിൽ എത്തിച്ചേരുന്ന രോഗികളാണ് പലപ്പോഴും ഇവരുടെ കൊടിയ ചൂഷണത്തിന് ഇരയാവുന്നത്. സമീപകാലത്ത് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലേക്ക് വരുന്നതിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി എന്ന ബ്രാൻഡിൽ നേരത്തെ ഉണ്ടായിരുന്ന നിരക്കുകളുടെ രണ്ടും മൂന്നും ഇരട്ടിയാണ് ഈടാക്കുന്നത്.

കർശനമായ നിയമനടപടിയിലൂടെ മാത്രമെ ഇത്തരം ചൂഷണങ്ങൾക്ക് അറുതി വരുത്താൻ കഴിയൂയെന്ന് പ്രമേയത്തിലൂടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

സി.പി. സന്തോഷ് കുമാർ വീണ്ടും സെക്രട്ടറി കണ്ണൂർ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി സി.പി. സന്തോഷ് കുമാർ തുടരും. 39 അംഗ ജില്ലാ കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം സി.പി.ഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. പി. സന്തോഷ് കുമാർ എം.പി, കെ.പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, ദേശീയ കൗൺസിലംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായ ജി.ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.പി മുരളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ ചന്ദ്രൻ, സി.പി ഷൈജൻ, ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.