ജീവിതം പാഴായിട്ടില്ലെന്ന് 90-ാം പിറന്നാളിൽ ദലൈലാമ
ന്യൂഡൽഹി: നൂറുകണക്കിന് ബുദ്ധസന്യാസിമാരുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ ഹിമാചൽപ്രദേശിലെ ധരംശാല മക്‌ലിയോഡ്ഗഞ്ചിലുള്ള സുഗ്ലഖാങ് ക്ഷേത്രത്തിൽ 90-ാം പിറന്നാൾ ആഘോഷിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. മറ്റുള്ളവരെ സേവിക്കുന്നതിനായിരുന്നു തന്റെ ജീവിതമെന്നും തിരിഞ്ഞു നോക്കുമ്പോൾ ഈ ജീവിതം പാഴായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ, ഹോളിവുഡ് നടൻ റിച്ചാർഡ് ഗെരെ തുടങ്ങിയവരും പങ്കെടുത്തു.
സ്വിറ്റ്സർലൻഡിൽ നിന്നുള്ള ടിബറ്റൻ ഗായകൻ ജാമിയൻ ഷോഡന്റെ ദലൈലാമ ഗാനത്തോടെയാണ് ആഘോഷത്തിന് തുടക്കമായത്. കനത്ത മഴയിലും മംഗോളിയൻ, അൽബേനിയൻ നർത്തകരുടെ പ്രകടനവും ആഘോഷത്തിന് കൊഴുപ്പേകി. മഞ്ഞയും മറൂണും നിറത്തിലുള്ള പരമ്പരാഗത വസ്ത്രമണിഞ്ഞ ദലൈലാമ ആശംസകളേറ്റുവാങ്ങി.
താൻ സാധാരണ ബുദ്ധ സന്യാസിയാണെന്ന് ദലൈലാമ അനുയായികൾക്കായി എക്‌സിൽ പങ്കു വച്ച സന്ദേശത്തിൽ പറഞ്ഞു. ഭൗതികമായ ഉന്നമനം ആവശ്യമാണെങ്കിലും, എല്ലാവരോടും കരുണ കാണിക്കുന്നതും ഊഷ്മളമായ ബന്ധങ്ങളിലൂടെ മന:സമാധാനം നേടുന്നതുമാണ് പ്രധാനം. അത് ലോകത്തെ കൂടുതൽ മികച്ചതാക്കും.മാനുഷിക മൂല്യങ്ങൾ, മതസൗഹാർദം, ടിബറ്റൻ സംസ്‌കാരം, പൈതൃകം എന്നിവ പ്രചരിപ്പിക്കുന്നതിലുള്ള തന്റെ ഉത്തരവാദിത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജൻമദിനത്തിൽ മന:സമാധാനവും അനുകമ്പയും വളർത്താൻ ശ്രമിച്ച അനുയായികൾക്ക് ദലൈലാമ നന്ദി പറഞ്ഞു.
ആശംസ നേർന്ന്
പ്രധാനമന്ത്രി
സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലൈലാമയുടെ 90-ാം ജൻമദിനത്തിൽ 140 കോടി ഇന്ത്യക്കാർക്കൊപ്പം താനും ആശംസകൾ നേരുന്നുവെന്ന് മോദി എക്‌സിൽ കുറിച്ചു. അദ്ദേഹം എല്ലാ വിശ്വാസങ്ങളിലും ആദരവും ആരാധനയും വളർത്തി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.'- മോദി കൂട്ടിച്ചേർത്തു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കം അന്താരാഷ്‌ട്ര നേതാക്കളും ആശംസ നേർന്നു.