സ്കൂളുകളിൽ വരുന്നൂ,​ മാ കെയർ സെന്റർ

Monday 07 July 2025 2:05 AM IST

ആലപ്പുഴ: സ്കൂൾ കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ അമ്മയുടെ കരുതലോടെ നൽകാൻ കുടുംബശ്രീയുടെ മാ കെയറുകൾ വരുന്നു. ജില്ലയിൽ മാ കെയർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘുഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കുന്നത്.

കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകളിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സംസ്ഥാനത്ത് വ്യാപിപിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്. ജില്ലയിൽ സാദ്ധ്യമായ സ്കൂളുകളിൽ പദ്ധതി ആരഭിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 40 സ്കൂളുകളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കും. ഈ മാസം എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് വയലാർ, ഭരണിക്കാവ്, മുഹമ്മ എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ നാല് കിയോസ്കുകൾ ആരംഭിക്കും.

ലഹരിയെ അകറ്റും

സ്കൂൾ വളപ്പിലാണ് മാ കെയർ കിയോസ്‌കുകൾ തുടങ്ങുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികളിലും മാ കെയർ ആരംഭിക്കാനാകും.

 വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മിതമായ നിരക്കിൽ ഇവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങാം.കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് ഇതിലൂടെ വരുമാനം ലഭിക്കും

പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും ലഭ്യമാക്കുന്നതോടെ സ്‌കൂൾ സമയത്ത് കുട്ടികൾ കോമ്പൗണ്ട് വിട്ട് പുറത്തുപോകില്ല

കിയോസ്‌കുകൾ ആരംഭിക്കാൻ താത്പര്യമുള്ള അയൽക്കൂട്ടാംഗങ്ങൾക്ക് പരിശീലനവും നൽകും

 സെന്ററുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സാമ്പത്തിക സഹായം