ബഷീർ കഥാപാത്രങ്ങൾ ജി.സുധാകരന്റെ വീട്ടിലെത്തി
ആലപ്പുഴ: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ട് ബഷീറിന് പ്രിയപ്പെട്ട മാംഗോസ്റ്റിൻ മരത്തിന്റെ തൈയുമായി മുൻ മന്ത്രി ജി.സുധാകരനെ കാണാൻ
വീട്ടിലെത്തി. കുട്ടികൾ ചേർന്ന് മാംഗോസ്റ്റിൻ തൈ വീട്ടുവളപ്പിൽ നട്ടു. ഇരവുകാട് വാർഡ് കൗൺസിലർ സൗമ്യരാജ്, ജി.സുധാകരനെ പൊന്നാട അണിയിച്ചും പുസ്തകം നൽകിയും ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീറായി ആദിൽ അദീം, പാത്തുമ്മയായി സ്വാലിഹ , മജീദായി മുഹമ്മദ് സഫ്വാൻ, എട്ടുകാലി മമ്മൂഞ്ഞായി അൻസിൽ, സാറാമ്മയായി ഫെബഫ്രാൻസിസ് എന്നിവർ വേഷമിട്ടു.
കവിയും പുസ്തകപ്രേമിയുമായ ജി.സുധാകരന്റെ വായനാശീലങ്ങളെക്കുറിച്ചും ബഷീർ കൃതികളെ അദ്ദേഹം നോക്കിക്കാണുന്നതെങ്ങനെയെന്നും വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും നിറഞ്ഞ ചിരിയോടെ അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെയും പുരസ്ക്കാരങ്ങളുടെയും വലിയ ശേഖരവും വിദ്യാർത്ഥികൾ സന്ദർശിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രധാന പത്ര വാർത്തകൾ അദ്ദേഹം ഫയൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന രീതി കുട്ടികൾക്ക് കൗതുകമായി. അദ്ധ്യാപകരായ ഷഫീന അനസ്, ആർ.ജിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.