അകമലയിൽ റെയിൽ പാളത്തിന് സമീപം കാട്ടാന : വൻ കാർഷിക നാശം
വടക്കാഞ്ചേരി: അകമലയിൽ റെയിൽ പാളത്തിന് സമീപം കാട്ടാനയിറങ്ങി. പാളത്തിലേക്ക് ഇറങ്ങാതിരുന്ന ആന ജനവാസ മേഖലയിൽ വൻ കാർഷിക നാശം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് ആനയെ ജനങ്ങൾ കാണുന്നത്. കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും കൊമ്പൻ വഴങ്ങിയില്ല. പൂക്കുന്നത്ത് ബാബുവിന്റെ കൃഷിയിടത്തിലെ കമ്പിവേലികളും വാഴകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം കോൺട്രാക്ടർ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലും ആനയിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. റെയിൽവേ അധികൃതർ അടിയന്തരമായി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ചേപ്പലക്കോട് മുതൽ പട്ടാണിക്കാട് വരെ സൗരവൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ആനകൾ മരങ്ങൾ വേലിക്ക് മുകളിലേക്ക് കുത്തിമറിച്ചിട്ട നിലയിലാണ്. ഇന്നലെ ആന ഇറങ്ങിയ സ്ഥലത്തും ഇതാണ് സ്ഥിതി. ഒരാഴ്ചയായി മരംലൈനിൽ വീണ് കിടക്കുകയാണ്. വനം വകുപ്പ് ഇത്തരം അനാസ്ഥകൾ പരിഹരിക്കണമെന്നാണ് ജനകീയ ആവശ്യം.