തെളിവില്ലാതെ രണ്ട് കൊലപാതകം: മുഹമ്മദലിക്ക് പിന്നാലെ വട്ടം കറങ്ങി പൊലീസ്
കോഴിക്കോട്: രണ്ടു കൊലക്കേസ് ഏറ്റു പറഞ്ഞ ചേറൂർ തായ്പറമ്പ് മുഹമ്മദലിക്ക് പിന്നാലെ വട്ടം കറങ്ങി പൊലീസ്. കൂടരഞ്ഞിയിലും കോഴിക്കോട്ട് വെള്ളയിലും നടന്നെന്ന് പറയപ്പെടുന്ന കേസിൽ പഴയ എഫ്.ഐ.ആർ പോലും പൊലീസിന്റെ പക്കലില്ല. 39 വർഷത്തിനു ശേഷം ഒരു പ്രതിയെത്തി കുറ്റം ഏറ്റു പറഞ്ഞാലും പഴയ കേസ് ഡയറി കണ്ടുപിടിക്കുക ശ്രമകരമാണെന്ന് പൊലീസ്.
കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാൾ ഇരിട്ടി സ്വദേശിയെന്നും പാലക്കാട് സ്വദേശിയെന്നും പറയുന്നുണ്ടെങ്കിലും കോഴിക്കോട് വെള്ളയിൽ കൊല്ലപ്പെട്ടത് ആരാണെന്നറിയില്ല. ഈ കേസിൽ കമ്മിഷണർ പ്രത്യേക സംഘമുണ്ടാക്കിയെങ്കിലും വിവരം തേടിയുള്ള പരക്കം പാച്ചിലിലാണ് പൊലീസ്. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ മാത്രമാണ് മുന്നിലുള്ളത്. 1989തിൽ കടപ്പുറത്ത് ഒരാൾ കൊല്ലപ്പെട്ടതായി വിവരമുണ്ട്. പക്ഷേ, പൊലീസ് റിപ്പോർട്ടിൽ ഇയാൾ അജ്ഞാതനാണ്. ഇയാളാരാണെന്ന് അന്വേഷിച്ച് കണ്ടെത്തിയാലെ ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിൽ ചെറിയ തുമ്പെങ്കിലും പറയാനാവുകയുള്ളൂവെന്ന് വെള്ളയിൽ കേസിന്റെ ചുമതലയുള്ള അസി.കമ്മിഷണർ ടി.കെ.അഷ്‌റഫ് പറഞ്ഞു.
അക്കാലത്തെ പൊലീസ് ഉദ്യോഗസ്ഥരെയും റവന്യു അധികാരികളെയും കണ്ടെത്തി വിവരം ശേഖരിക്കാനാണ് ശ്രമം. മുഹമ്മദലി 17വയസുള്ളപ്പോൾ കൂടരഞ്ഞിയിൽ ഒരു കൊലപാതകം നടത്തിയതായാണ് വേങ്ങര പൊലീസിൽ വെളിപ്പെടുത്തിയത്. അതിനുശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളയിൽ ബീച്ചിൽ ഒരാളെക്കൂടി കൊന്നെന്നും മൊഴി നൽകി. കൊല്ലപ്പെട്ടവർ ആരാണെന്ന ചോദ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്.
നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മരിച്ച ആളുടെ കൂടുതൽ ഇൻക്വസ്റ്റ് വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്ന് ആർ.ഡി.ഒ ഓഫീസുമായി ബന്ധപ്പെടും. തിരുവമ്പാടി കേസിൽ അന്നത്തെ തിരുവമ്പാടി പൊലീസ് ഇൻസ്‌പെക്ടർ ഒ.പി തോമസിനെ തേടി തിരുവമ്പാടി പൊലീസ് അന്വേഷണ സംഘം ഇന്ന് എറണാകുളത്തേക്കും യാത്ര തിരിക്കും. തിരുവമ്പാടിയിലെ കൊലപാതകത്തിൽ അന്നത്തെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കാൻ തിരുവമ്പാടി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നടക്കാവ് കേസിൽ നിലവിൽ പൊലീസ് പുതിയ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിട്ടില്ല.