ഒന്നര കോടിയുടെ വസ്തു തട്ടിയെടുത്ത കേസ് കോൺഗ്രസ് നേതാവ് മണികണ്ഠനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ജവഹർ നഗറിൽ ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ ആധാരമെഴുത്തുകാരൻ കൂടിയായ കോൺഗ്രസ് നേതാവ് മണികണ്ഠനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. തട്ടിപ്പിൽ ഇയാൾക്ക് പങ്കുള്ളതായാണ് സംശയം.
മണികണ്ഠൻ പറഞ്ഞതിനനുസരിച്ചാണ് രേഖകളിൽ ഒപ്പിട്ടുനൽകിയതെന്നാണ് കേസിൽ റിമാൻഡിൽ കഴിയുന്ന പുനലൂർ സ്വദേശി മെറിൻ ജേക്കബ് (27) മൊഴി നൽകിയത്. അറസ്റ്റിലായ മറ്റൊരു പ്രതി വട്ടപ്പാറ മരുതൂർ സ്വദേശി വസന്ത (75) ഹൃദ്രോഗ ബാധിതയായതിനാൽ വീട്ടിലാണ്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌താലേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവൂയെന്ന് മ്യൂസിയം പൊലീസ് പറയുന്നു.
വ്യാജ ആധാരമുണ്ടാക്കിയതെന്ന് സംശയിക്കുന്ന മണികണ്ഠനെ ചോദ്യം ചെയ്യാതെ കാര്യങ്ങൾ വ്യക്തമാകില്ല. ഇയാളെക്കൂടാതെ കൂടുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടതായും സംശയിക്കുന്നുണ്ട്. 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്റ്റിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് മാഫിയസംഘം തട്ടിയത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്.
വസന്തയെ ഡോറയായി ആൾമാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫീസിലെത്തിച്ചു. ആദ്യം മെറിൻ വസ്‌തുവും വീടും സ്വന്തം പേരിലാക്കുകയായിരുന്നു. തുടർന്ന് ചന്ദ്രസേനൻ എന്നയാൾക്ക് ഒന്നരക്കോടി രൂപയ്ക്ക് ശാസ്തമംഗലം രജിസ്ട്രേഷൻ ഓഫീസിൽവച്ച് കൈമാറി. ഡോറ അസുഖബാധിതയായതിനാൽ നാട്ടിൽ വരാറില്ല. ഇതറിയാവുന്ന സംഘം തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് വിവരം. ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്ന അമർനാഥ് പോൾ വസ്തുവിന്റെ കരം അടയ്ക്കാനെത്തിയപ്പോഴാണ് മറ്റൊരാൾ കരമടച്ചകാര്യം അറിയുന്നത്. തുടർന്നുള്ള പരിശോധനയിലാണ് വസ്തുവും വീടും മറ്റൊരാളുടെ പേരിലായ കാര്യമറിഞ്ഞത്.