ബ്രിക്‌സ് ഉച്ചകോടിയിൽ മോദി, കാലത്തിനനുസരിച്ച് ആഗോള സ്ഥാപനങ്ങൾ മാറണം
ന്യൂഡൽഹി: ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനുദിനം സാങ്കേതികവിദ്യ മാറുന്ന കാലത്ത് ആഗോള സ്ഥാപനം 80 വർഷത്തിലൊരിക്കൽ പോലും മാറാതിരിക്കുന്നത് സ്വീകാര്യമല്ലെന്നും പറഞ്ഞു.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 17-ാം ബ്രിക്‌സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിക്‌സുമായി സഹകരിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുന്നതും അവരെ ഉൾക്കൊള്ളുന്നതും നല്ല സൂചനയാണ്. യു.എൻ സുരക്ഷാ സമിതി, ലോക വ്യാപാര സംഘടന, വികസന ബാങ്കുകൾ എന്നിവയിലും സമാന പരിഷ്‌കരണം നടപ്പിലാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 20-ാം നൂറ്റാണ്ടിൽ രൂപീകൃതമായ ആഗോള സ്ഥാപനങ്ങളിൽ മനുഷ്യരാശിയുടെ മൂന്നിൽ ഒരു ഭാഗത്തിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവന നൽകുന്ന രാജ്യങ്ങൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. ഇത് വിശ്വാസ്യതയുടെയും ഫലപ്രാപ്തിയുടെയും ചോദ്യമാണ്. ഗ്ളോബൽ സൗത്ത് രാജ്യങ്ങളില്ലാത്ത ഈ സ്ഥാപനങ്ങൾ സിം കാർഡുള്ളതും നെറ്റ്‌വർക്കില്ലാത്തതുമായ ഒരു മൊബൈൽ ഫോൺ പോലെയാണ്. വികസനം, വിഭവങ്ങളുടെ വിതരണം, സുരക്ഷാ സംബന്ധിയായ പ്രശ്നങ്ങൾ എന്നിവയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഇരട്ടത്താപ്പിന് ഇരയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകക്രമം ആവശ്യമാണ്. ആഗോള സ്ഥാപനങ്ങളിലെ സമഗ്രമായ പരിഷ്കാരങ്ങളിലൂടെയാണ് അത് ആരംഭിക്കേണ്ടത്. പരിഷ്കാരങ്ങൾ യഥാർത്ഥ സ്വാധീനം ഉൾക്കൊണ്ടാകണം. 20-ാം നൂറ്റാണ്ടിൽ രൂപീകരിച്ച ആഗോള സ്ഥാപനങ്ങൾക്ക് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനാകുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങൾ, പകർച്ചവ്യാധികൾ, സാമ്പത്തിക പ്രതിസന്ധികൾ, സൈബർ വെല്ലുവിളികൾ എന്നിവയ്‌ക്കൊന്നും പരിഹാരങ്ങളില്ല.
വർഷത്തിലൊരിക്കൽ സാങ്കേതികവിദ്യ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന എ.ഐ യുഗത്തിൽ, ഒരു ആഗോള സ്ഥാപനം 80 വർഷത്തിലൊരിക്കൽ മാറാതിരിക്കുന്നത് സ്വീകാര്യമല്ല. 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററുകൾക്ക് 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ കഴിയില്ല. സാമ്പത്തിക സഹകരണത്തിനും ആഗോള നന്മ ഉറപ്പാക്കുന്നതിലും ബ്രിക്സ് കൂട്ടായ്‌മ നിർണായക ശക്തിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഉച്ചകോടിയിൽ നേതാക്കൾ ഒന്നിച്ച് ഫോട്ടോയുമെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ മ്യൂസിയം ഒഫ് മോഡേൺ ആർട്ടിൽ എത്തിയ മോദിയെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സ്വീകരിച്ചു. ഇന്നും തുടരുന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ബ്രസീലിയയിലേക്ക് പോകും. അവിടെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവയുമായി ഉഭയകക്ഷി ചർച്ച നടത്തും.
ഇന്നലെ റിയോ ഡി ജനീറോയിൽ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തെ ആസ്‌പദമാക്കിയ പരമ്പരാഗത നൃത്ത പ്രകടനവും പ്രധാനമന്ത്രി വീക്ഷിച്ചു.േ