റോയിട്ടേഴ്‌സിന്റെ 'എക്‌സി'ന് വിലക്ക്; നിർദ്ദേശം നൽകിയില്ലെന്ന് കേന്ദ്രം

Monday 07 July 2025 1:20 AM IST

ന്യൂഡൽഹി: രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടിന്റെ പ്രവർത്തനം ഇന്ത്യയിൽ തടസപ്പെട്ടു. നിയമപരമായ കാരണത്താൽ പ്രവർത്തിക്കുന്നില്ലെന്നാണ് എക്‌സ് അക്കൗണ്ട് തിരയുമ്പോൾ കാണുന്നത്. അക്കൗണ്ടിന്റെ പ്രവർത്തനം നിറുത്താൻ എക്‌സിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാനായി എക്‌സുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം അറിയിച്ചു.

റോയിട്ടേഴ്‌സിന്റെ പ്രധാന അക്കൗണ്ടാണ് തടസപ്പെട്ടത്. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന തുടങ്ങിയ അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭിക്കും. മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ നൂറിലേറെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അക്കൂട്ടത്തിൽ റോയിട്ടേഴ്‌സ് അക്കൗണ്ടും ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം. ലണ്ടൻ ആസ്ഥാനമായ വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്‌സിനെ 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു.