 ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ ലൈംഗികാതിക്രമത്തിന് ഇരയായവരെ കത്തിച്ചു

Monday 07 July 2025 1:23 AM IST


ബംഗളൂരു: പത്ത് വർഷം പുറംലോകമറിയാതെ കുഴിച്ചുമൂടിയതും കത്തിച്ചതും മാനഭംഗത്തിനിരയായ നൂറോളം പേരെ. കർണാടകയിലെ മുൻ ശുചീകരണത്തൊഴിലാളിയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. കുറ്റബോധത്താൽ ഉറങ്ങാൻ പോലും പറ്റാതായതോടെ അഭിഭാഷകരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയും കത്ത് കൈമാറുകയുമായിരുന്നു. പേരു വെളിപ്പെടുത്തരുതെന്ന് അപേക്ഷിച്ചിട്ടുണ്ട്.

ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിക്ക് കീഴിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 1998- 2014 കാലത്ത് ഈ പ്രദേശത്ത് മാനഭംഗത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃദേഹങ്ങളാണ് കത്തിച്ചതെന്ന് കത്തിൽ പറയുന്നു. കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി ലഭിക്കണമെന്ന ആഗ്രഹത്താലുമാണ് ഇപ്പോൾ രംഗത്തുവരുന്നത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾക്കും സാക്ഷിയാവേണ്ടി വന്നു. ശക്തരായ ആളുകളാണ് ഇതിനുപിന്നിൽ. ആദ്യ തവണ മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായ മർദ്ദനമുണ്ടായി. കുടുംബത്തിന് ഭീഷണിയുണ്ടായി. കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതോടെ 2014ൽ മറ്റൊരിടത്തേക്ക് പോയി. ഇപ്പോൾ പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. കൊല്ലുമെന്ന ഭയമുണ്ട്. കൊലപാതകങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നും പൊലീസിനോട് പേര് വെളിപ്പെടുത്താത്ത ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചില മൃതദേഹങ്ങൾ ഡീസൽ ഉപയോഗിച്ച് കത്തിച്ചു. മറ്റ് ചിലത് ധർമ്മസ്ഥല ഗ്രാമത്തിൽ പലയിടത്തായി കുഴിച്ചിട്ടു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

യൂണിഫോമും ബാഗും

യൂണിഫോമും ബാഗും ഉൾപ്പെടെയാണ് ചില സ്‌കൂൾ വിദ്യാർത്ഥിനികളെ കത്തിക്കേണ്ടിവന്നത്. വിവസ്ത്രരായ നിരനവധിപേരുണ്ടായിരുന്നു. ആത്മഹത്യയോ മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചില ശരീരങ്ങളിൽ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടു. ഇതോടെ സംശയം തോന്നിത്തുടങ്ങി. വേട്ടയാടുന്ന ചില സംഭവങ്ങളുണ്ട്. 2010ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിൽനിന്ന് 500 മീറ്റർ അകലെ 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂൾ യൂണിഫോം ധരിച്ചിരുന്നു. മൃതദേഹത്തിൽ പാവാടയും അടിവസ്ത്രവുമുണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെ പാടുകൾ ശരീരത്തുണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂൾ ബാഗിനൊപ്പം മൃതദേഹം കത്തിക്കേണ്ടിവന്നു- കത്തിൽ പറയുന്നു.