പ്രളയത്തിൽ മുങ്ങി ടെക്‌സസ്, മരണം 68 ആയി

Monday 07 July 2025 7:04 AM IST

അതിഭീകര പ്രളയത്തിന് സാക്ഷ്യം വഹിക്കുകയാണ് യു.എസിലെ ടെക്‌സസ്. പ്രളയത്തിൽ ഇതുവരെ 68 പേർ മരിച്ചു. ഇതിൽ 21 പേർ കുട്ടികളാണ്. കെർ, ട്രാവിസ്, ടോം ഗ്രീൻ കൗണ്ടികളിലാണ് മരണമുണ്ടായത്. പ്രദേശത്ത് നിന്ന് 850 പേരെ രക്ഷപ്പെടുത്തി.

ഏറ്റവും നാശംവിതച്ച കെർ കൗണ്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 11 പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുകയാണ്. ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതാണിവർ. സംഭവ സമയം 700 ഓളം കുട്ടികൾ ക്യാമ്പിലുണ്ടായിരുന്നു.

ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഗ്വാഡലപ് നദി അപ്രതീക്ഷിതമായി കരകവിഞ്ഞതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. വില്യംസൺ കൗണ്ടിയിൽ സാൻ ഗബ്രിയേൽ നദി കരകവിഞ്ഞതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, മദ്ധ്യ ടെക്സസിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.