വെടിനിറുത്തൽ ചർച്ച: ഇസ്രയേൽ സംഘം ഖത്തറിൽ

Monday 07 July 2025 7:05 AM IST

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേലിന്റെ പ്രതിനിധി സംഘം ഖത്തറിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിറുത്തൽ കരാറിനോട് അനുകൂലമാണെന്നും, എന്നാൽ വ്യവസ്ഥകളിൽ ചില മാറ്റം വേണമെന്നും ഹമാസ് മദ്ധ്യസ്ഥ രാജ്യമായ ഖത്തറിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ഇസ്രയേൽ അംഗീകരിച്ച വ്യവസ്ഥകളിലാണ് ഹമാസ് മാറ്റങ്ങൾ ആവശ്യപ്പെടുന്നത്. ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാൻ കഴിയുന്നവ അല്ലെന്നും, എന്നാൽ ചർച്ചയ്ക്ക് പ്രതിനിധികളെ അയക്കുന്നു എന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് കാട്ടി ഇസ്രയേൽ നഗരങ്ങളിൽ പ്രതിഷേധം ശക്തമാണ്. കരാർ അംഗീകരിക്കാൻ ട്രംപും നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

ട്രംപുമായി ചർച്ച നടത്താൻ നെതന്യാഹു ഇന്ന് വൈറ്റ് ഹൗസിലെത്തും. ചർച്ചയ്ക്ക് പിന്നാലെ വെടിനിറുത്തലിന് അനുകൂലമായ പ്രഖ്യാപനം ഇരുനേതാക്കളും ചേർന്ന് നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. തീവ്ര വലതുപക്ഷ അംഗങ്ങൾ ഒഴികെ ഇസ്രയേലി ക്യാബിനറ്റ് അംഗങ്ങൾ എല്ലാം കരാറിന് അനുകൂലമാണ്. അതേ സമയം, ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയിൽ ഇന്നലെ 61 പാലസ്തീനികൾ കൊല്ലപ്പെട്ടു. ആകെ മരണം 57,410 കടന്നു.