ജിമ്മിൽ പോയില്ല, പട്ടിണി കിടന്നില്ല; സിമ്പിളായി 18 കിലോ കുറച്ചെന്ന് യുവതി, ഇതാണ് സീക്രട്ട്

Monday 07 July 2025 11:03 AM IST

അമിത ഭാരം മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകളുണ്ട്. ചിലർ ജിമ്മിൽ പോയും പട്ടിണി കിടന്നും ഭാരം കുറയ്ക്കും. എന്നാൽ ജിമ്മിൽ പോകാതെ, പട്ടിണി കിടക്കാതെ പതിനെട്ട് കിലോ കുറച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ അറോറ എന്ന യുവതി.

ഏഴ് കാര്യങ്ങൾ ചെയ്താണ് താൻ ഭാരം കുറച്ചതെന്ന് യുവതി പറയുന്നു. ആദ്യം തന്നെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ ബി എം ആർ കണ്ടെത്തി. ശരീരഭാരം, ഹൈറ്റ്, വയസ്, പുരുഷനോ സ്ത്രീയോ എന്നീ കാര്യങ്ങൾ ടൈപ്പ് ചെയ്തുകൊടുത്താൽ ബി എം ആർ കണ്ടെത്താനാകുമെന്ന് യുവതി വ്യക്തമാക്കി.

ഭക്ഷണകാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് അടുത്തതായി ചെയ്തത്. പട്ടിണി കിടന്നില്ല. പകരം കഴിക്കുന്നതിൽ 40% പ്രോട്ടീൻ, 30% ഫൈബർ, 20% കാർബ്സ്, 10% ഫാറ്റ് ആണെന്ന് ഉറപ്പുവരുത്തി. ഭക്ഷണം കഴിക്കാതിരിക്കുന്നതിന് പകരം ബാലൻസ് ചെയ്യുകയാണ് ചെയ്തത്.

നന്നായി വ്യായാമം ചെയ്തുവെന്നതാണ് മൂന്നാമത്തെ കാര്യം. സ്‌ട്രെംഗ്ത്ത് ട്രെയിനിംഗും കാർഡിയോയും നടത്തവുമെല്ലാം വ്യായാമത്തിൽ ഉൾപ്പെടുത്തി. കലോറിയെക്കുറിച്ചൊരു ബോധമുണ്ടാക്കുകയാണ് അടുത്തതായി ചെയ്തത്. ഓരോ ഭക്ഷണം കഴിക്കുമ്പോഴും എത്ര കലോറിയാണ് ശരീരത്തിലെത്തുന്നതെന്ന് മനസിലാക്കി.

ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കിയതാണ് അടുത്തകാര്യം. പ്രോസസ്ഡ് ഫുഡിനൊപ്പം തന്നെ, റിഫൈനിഡ് ഷുഗർ, ഓയിൽ, എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ എന്നിവ ഒഴിവാക്കി. ദിവസവും രണ്ട് മൂന്ന് ലിറ്റർ വെള്ളം കുഴിച്ചു. കൂടാതെ എട്ട് മണിക്കൂർ ഉറക്കം. മാനസീകാരോഗ്യം കൂടി ശരീരഭാരം കൂടാൻ ഒരു ഘടകമാണ്. അതിനാൽത്തന്നെ മെഡിറ്റേഷേനിലൂടെയും മറ്റും മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി.