ഇന്ത്യയുടെ തീരത്ത് മറ്റൊരു രാജ്യത്തിന്റെ ബോട്ട്? സംശയം കടുക്കുന്നു, സുരക്ഷാ സേനയെ വിന്യസിച്ചു

Monday 07 July 2025 11:25 AM IST

മുംബയ്: മഹാരാഷ്ട്രയിലെ കടൽതീരത്ത് സംശയാസ്പദമായ രീതിയിൽ ഒരു ബോട്ട് കണ്ടതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ്. റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപമാണ് ബോട്ട് കണ്ടത്. കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബോട്ട് മ​റ്റേതെങ്കിലും രാജ്യത്തിന്റെയാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

വിവരം അറിഞ്ഞയുടൻ തന്നെ കടൽതീരത്തേക്ക് റായ്ഗഡ് പൊലീസും ബോംബ് ഡി​റ്റെക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) , നാവികസേനയും,കോസ്​റ്റ് ഗാർഡുകളും എത്തിയിരുന്നു. റായ്ഗഡ് സൂപ്രണ്ട് ഒഫ് പൊലീസ് അഞ്ചൽ ദലാൾ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പവും എത്തിയിരുന്നു. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിന്റെ അടുത്തേക്കെത്താനുളള ശ്രമങ്ങൾ തടസപ്പെട്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രദേശത്ത് വലിയൊരു പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അഞ്ചൽ ദലാൾ പറഞ്ഞു.