അവിവാഹിത, 40-ാം വയസിൽ ഗർഭിണിയായെന്ന് നടി,​ ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ

Monday 07 July 2025 12:05 PM IST

കന്നഡ നടി ഭാവന രാമണ്ണ ഗർഭിണിയാണെന്ന് വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ ദിവസമാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി ഭാവന രാമണ്ണ പോസ്റ്റ് പങ്കുവച്ചത്. നർത്തകി കൂടിയായ ഭാവന അവിവാഹിതയാണ്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെയാണ് 40കാരിയായ ഭാവന ഇരട്ടകളെ ഗർഭം ധരിച്ചത്. ഇക്കാര്യവും ഭാവന തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

'ഒരു പുതിയ അദ്ധ്യായം, ഒരു പുതിയ താളം. ഇങ്ങനെ ഒരുകാര്യം ഞാൻ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇതാ ഇപ്പോൾ, ഞാൻ ആറുമാസം ഗർഭിണിയാണ്. ഇരട്ടകളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. എന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ 40 വയസ് ആയപ്പോൾ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ അത് അത്ര എളുപ്പമായിരുന്നില്ല. പല ഐവിഎഫ് ക്ലിനിക്കുകളും എന്റെ മുന്നിൽ വാതിലടച്ചു.

പക്ഷേ പിന്നീടാണ് ഞാൻ ഡോ. സുഷമയെ കണ്ടുമുട്ടിയത്. അവർ എന്നെ സഹായിച്ചു. ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗ‌ർഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്നേഹത്തോടെയും എന്റെ കൂടെ നിന്നു. ചിലർ എന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. പക്ഷേ എനിക്ക് എന്റെ ഹൃദയത്തെ അറിയാം. എന്റെ കുട്ടികൾക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ കല, സംഗീതം, സംസ്കാരം സ്നേഹം എന്നിവയാൽ നിറഞ്ഞ വീട്ടിലായിരിക്കും അവർ വളരുക' - നടി കുറിച്ചു. പിന്നാലെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.