"മൊത്തം ദാരിദ്ര്യമാണെന്നേ, ആ സിനിമ ഇറങ്ങിയതോടെ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി; ഇതും പൊട്ടിയാൽ അന്നമെല്ലാം മുട്ടും"

Monday 07 July 2025 3:41 PM IST

ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന " രവീന്ദ്രാ നീ എവിടെ ? "എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമും ഭർത്താവും തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷീലു എബ്രഹാം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. ഷീലു എബ്രഹാം കടക്കെണിയിലോ? എന്നുംപറഞ്ഞ് ശോകമൂകമായ പാട്ടുവച്ച് കൊടുത്താൽ മതി. അങ്ങനെയെങ്കിലും കുറച്ചുപേർ നൂറ് രൂപ മുടക്കി സിനിമ കാണുമല്ലോ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. ഇനി രണ്ട് ഹോട്ടൽ കൂടി പണയം വയ്ക്കാനുണ്ട്. ഇഡിക്കൊക്കെ അറിയാം മൊത്തം പണയമാണെന്ന്. പണ്ട് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ അന്നം കൊടുക്കാൻ കാശില്ലാതായതോടെ അത് നിർത്തി അവരോട് അന്നം മേടിക്കുന്ന അവസ്ഥയായി.

രണ്ട് സിനിമ പൊട്ടി. അതോടെ അന്നദാനമൊക്കെ നിർത്തി. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിനാണ് ഈ പടം എടുത്തത്. ഇത് പൊട്ടിയാൽ അന്നമെല്ലാം മുട്ടും. വീടൊക്കെ വിറ്റു. ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ അത് വിറ്റ് വാടക വീട്ടിലേക്ക് മാറി. ഇത് അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു. മൊത്തം ദാരിദ്ര്യമാണെന്നേ'- ഷീലു എബ്രഹാം പറഞ്ഞു.

ഷീലു എബ്രഹാമിന്റെ വാക്കുകൾക്ക് ധ്യാൻ ശ്രീനിവാസൻ മറുപടിയുമായെത്തി. ഇപ്പോൾ ഷീലു ചേച്ചി പറഞ്ഞത് അഭിനയമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റിയിട്ടില്ലല്ലോ. ഇതുപോലെ പല കോമഡികളും സിനിമയിലുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.