മകന്റെ നഗ്നതാപ്രദ‌ർശനവും ചീത്തവിളിയും,​​ തലയിൽ മുണ്ടിട്ട അവസ്ഥയിൽ നേതാവ്; വീഡിയോ

Monday 07 July 2025 3:41 PM IST

മുംബയ്: മഹാരാഷ്ട്രയിലെ ഭാഷാ വിവാദങ്ങൾക്കും മറാത്തി സംസാരിക്കാത്തവരെ രാജ് താക്കറെയുടെ അനുയായികൾ മർദിച്ച സംഭവങ്ങളും ആറി തണുക്കുന്നതിനു മുമ്പാണ് ഇപ്പോൾ മഹാരാഷ്ട്ര നവനിർമ്മാൺ സേനയക്ക് നാണക്കേടുണ്ടാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. മുംബയിലെ അന്ധേരിയിലാണ് സംഭവം. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് അർദ്ധനഗ്നനായി എംഎൻഎസ് നേതാവിന്റെ മകൻ മറാത്തി സംസാരിക്കുന്ന യുവതിയെ അധിക്ഷേപിക്കുന്നതാണ് ദ‌ൃശ്യങ്ങളിൽ കാണുന്നത്.

വണ്ടി തട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് ഭാഷാവിവാദത്തിലേക്ക് കടന്നത്. എംഎൻഎസ് നേതാവ് ജാവേദ് ഷെയ്ക്കിന്റെ മകൻ റഹിൽ ഷെയ്ക്കാണ് കാർ അപകടത്തിന് പിന്നാലെ അതിക്രമം കാണിച്ചത്. മദ്യപിച്ചിരുന്ന റഹിൽ അർദ്ധനഗ്നനായി മറാത്തി സംസാരിക്കുന്ന സ്ത്രീയെ അധിക്ഷേപിക്കുകയായിരുന്നു. രാജ്ശ്രീ മോമെൻ എന്ന യുവതിയെയാണ് ഇയാൾ അധിക്ഷേപിച്ചത്.

പ്രതി തന്റെ പിതാവിന്റെ സ്വാധീനം ആരോപിച്ച് ചീത്തവിളിക്കുന്നതും യുവതിയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്.

ദൃശ്യങ്ങൾ വൈറലായതോടെ മഹാരാഷ്ട്രയിലെ പല മുതിർന്ന നേതാക്കളും ഇയാളുടെ മോശം പെരുമാറ്റത്തെ വിമർശിച്ചു. മറാത്തിയുടെ അഭിമാനം കാത്തുസൂക്ഷിക്കുമെന്ന എംഎൻഎസിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് ശിവസേനയുടെ സഞ്ജയ് നിരുപമും വീഡിയോ പങ്കിട്ടു.