ചന്ദനക്കാവ് മുതൽ കൈതവന വരെ 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

Tuesday 08 July 2025 12:09 AM IST

ആലപ്പുഴ: ചന്ദനക്കാവ് മുതൽ കൈതവന വരെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഇരുപത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ധാരണയായി. ഇത് സംബന്ധിച്ചുള്ള ആലോചനായോഗം പഴവീട് വിജ്ഞാനപ്രദായിനി വായനശാലയിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.ഐ ജി.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ റിച്ചാർഡ് ജയിംസ്, സി.പി.ഒവി.ജി.ബിജു, എസ്.ശരത്, കൗൺസിലർമാരായ ആർ.രമേഷ്, മനീഷ.എസ്, സജേഷ് ചാക്കുപറമ്പൻ, പ്രജിത കണ്ണൻ എന്നിവർ പങ്കെടുത്തു.

പഴവീട് കൈതവന ഭാഗത്ത് മോഷണം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ,​ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ ചന്ദനക്കാവിൽ ക്യാമറ സ്ഥാപിച്ചതൊഴിച്ചാൽ തുടർ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പദ്ധതി പുനരാരംഭിക്കുന്നത് പ്രദേശവാസികൾക്ക് ആശ്വാസമാകും. സ്വർണ മാല മോഷ്ടിക്കുന്നതിനായി വീട്ടമ്മയുടെ കഴുത്തിൽ കുരുക്കിട്ട പ്രതിയെയും കെ.സി.വേണുഗോപാൽ എം.പിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെയും ഉൾപ്പടെ ഇനിയും പിടികൂടാനായിട്ടില്ല.