അവസാനിക്കേണ്ട ഗാസയിലെ യുദ്ധം

Tuesday 08 July 2025 4:17 AM IST

ഗാസയിലെ വെടിനിറുത്തൽ ചർച്ച ഫലപ്രദമാകുമെന്ന പ്രതീക്ഷ നിലനിൽക്കെ തന്നെ ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ 70 പാലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിന്നവരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. ഏതു യുദ്ധവും മനുഷ്യത്വവിരുദ്ധമാണ്. ഗാസയിൽ ഇതുവരെ അമ്പതിനായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ഒരുലക്ഷത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ 1.7 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് തെക്കൻ ഗാസയിലേക്ക് പോകാൻ നിർബന്ധിതരായി. വടക്കൻ ഗാസയുടെ വലിയൊരളവ് ഭാഗം ഇസ്രയേൽ കൈയടക്കിയിരിക്കുകയുമാണ്. യുദ്ധത്തിനെതിരെ അന്താരാഷ്ട്ര വിമർശനങ്ങൾ അതിശക്തമാണെങ്കിലും ഹമാസിനെ തകർക്കും വരെ യുദ്ധം തുടരുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഇനിയും പിന്മാറിയിട്ടില്ല. എന്നാൽ, അമേരിക്കയുടെ ഇടപെടലുകളിലൂടെ ഏറ്റവും ഒടുവിൽ ഗാസയിൽ സമാധാനം തിരിച്ചുവന്നേക്കുമെന്നുള്ള സൂചനകളാണ് വരുന്നത്.

ഗാസയിൽ അറുപതു ദിവസത്തെ വെടിനിറുത്തൽ നടപ്പാക്കുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചത് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഉണർത്തുന്നതാണ്. വെടിനിറുത്തൽ നടപ്പാക്കുന്നതിനുള്ള അന്തിമ ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് ലോക രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. വെടിനിറുത്തൽ കരാറിന്റെ കരട് ഇസ്രയേൽ നേരത്തെ അംഗീകരിച്ചതാണെങ്കിലും വെടിനിറുത്താൻ അവർ തയാറായിട്ടില്ല. ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിലും ചില വ്യവസ്ഥകൾ ഒഴിവാക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്ന് മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തറിനെയും ഈജിപ്റ്റിനെയും ഹമാസ് ധരിപ്പിച്ചിട്ടുണ്ട്. വെടിനിറുത്തലിന്റെ വ്യവസ്ഥകൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല. ട്രംപുമായി ചർച്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വാഷിംഗ്ടണിലെത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള ചർച്ചകൾക്കുശേഷം ട്രംപ് തന്നെ വെടിനിറുത്തൽ പ്രഖ്യാപിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. യുദ്ധം തുടരുക എന്നത് ഇസ്രയേലെന്നല്ല ഒരു രാജ്യത്തിനും ഒരു പരിധികഴിഞ്ഞാൽ താങ്ങാനാവാത്ത സാമ്പത്തികഭാരം വരുത്തിവയ്ക്കുന്നതാണ്. അതിനാൽ ഒരു യുദ്ധവിരാമം ഇസ്രയേലും ആഗ്രഹിക്കുന്നില്ലെന്ന് കരുതാനാവില്ല.

ഗാസയിലെ സഹായവിതരണത്തിന്റെ ചുമതല യു.എന്നിനും പങ്കാളികൾക്കും കൈമാറണമെന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം. ഇപ്പോൾ സഹായ വിതരണം നടത്തുന്നത് യു.എസ് - ഇസ്രയേൽ പിന്തുണയുള്ള സംഘടനയാണ്. ഇവരുടെ അംഗങ്ങളിൽ ഇസ്രയേലി ചാരസംഘടന മൊസാദിന്റെ ഏജന്റന്മാർ നുഴഞ്ഞുകയറുമെന്നും അത് തങ്ങളുടെ നേതാക്കന്മാരെ വധിക്കാൻ നോട്ടമിട്ടാണെന്നുമാണ് ഹമാസ് ഭയക്കുന്നത്. ഇതുൾപ്പെടെയുള്ള തർക്കങ്ങളിൽ അമേരിക്കയുടെ നിലപാടാകും നിർണായകം. യഥാർത്ഥത്തിൽ അറുപതു ദിവസത്തെയല്ല ശാശ്വതമായ വെടിനിറുത്തലാണ് ഉണ്ടാകേണ്ടത്. ബന്ദികളെ പൂർണമായും വിട്ടുകിട്ടാതെ യുദ്ധം അവസാനിപ്പിച്ചാൽ ഇസ്രയേലിലെ ജനങ്ങൾ പ്രതിഷേധം ഉയർത്തുമെന്ന് ഭരണകൂടം ഭയക്കുന്നുണ്ട്. 50 ബന്ദികളിൽ 20 പേരാണ് ഇനി ജീവനോടെയുള്ളത്. മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുകൊടുക്കണം. ബന്ദികളെ മുഴുവൻ അമേരിക്കയുടെ വ്യക്തമായ ഉറപ്പില്ലാതെ വിട്ടുകൊടുത്താൽ ഇസ്രയേൽ അതിഭീകരമായ ആക്രമണം നടത്തുമെന്ന് ഹമാസ് ആശങ്കപ്പെടുന്നുണ്ട്. ഗാസയുടെ ഭാഗങ്ങളിൽ നിന്നും ഇസ്രയേൽ സൈന്യം ഘട്ടം ഘട്ടമായി പിന്മാറണമെന്നതും കരാറിന്റെ കരട് വ്യവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണ്.

രക്തച്ചൊരിച്ചിലിലൂടെ ഒരു പരിഹാരവും ഉരുത്തിരിഞ്ഞുവരാറില്ല. സമാധാനത്തിലേക്ക് വഴികാട്ടുന്നത് ഇരു കക്ഷികളും മദ്ധ്യസ്ഥർ വഴി നടത്തുന്ന ചർച്ചകളാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുഃഖം ഗാസ അനുഭവിച്ചുകഴിഞ്ഞു. ഇനിയും ഇത് നീണ്ടുപോകുന്നത് ലോകത്തെങ്ങുമുള്ള സമാധാനപ്രിയരായ മനുഷ്യർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാൽ എത്രയും വേഗം ഒരു യുദ്ധവിരാമം പ്രഖ്യാപിക്കപ്പെടുമെന്ന് തന്നെയാണ് ലോകരാഷ്ട്രങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്. ഖത്തറിന് ഹമാസിന്റെ മേലും അമേരിക്കയ്ക്ക് ഇസ്രയേലിന്റെ മേലും സമ്മർദ്ദം ചെലുത്താനാവും. അതിലൂടെ വെടിയൊച്ചകൾ നിലച്ച ഒരു ഗാസയുടെ പ്രഭാതം നമുക്ക് പ്രതീക്ഷിക്കാം.