പെരുങ്ങുഴി കാറ്റാടിമുക്കിൽ കടകളുടെ ഷട്ടറുകളുടെ പൂട്ടുകൾ പൊളിച്ച് മോഷണം
ചിറയിൻകീഴ്: പെരുങ്ങുഴി കാറ്റാടിമുക്കിൽ രണ്ട് കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് മോഷണം.ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ കാറ്റാടിമുക്കിൽ പ്രവർത്തിക്കുന്ന സമൃദ്ധി ബസാർ,സമൃദ്ധി വെജിറ്റബിൾ ഷോപ്പ് എന്നീ കടകളുടെ പൂട്ടുകൾ തകർത്തായിരുന്നു മോഷണം. സമൃദ്ധി ബസാറിന്റെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 35,000 രൂപയും,വെജിറ്റബിൾ ഷോപ്പിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം രാത്രി 2നായിരുന്നു സംഭവം.രണ്ടുപേരാണ് സംഭവത്തിന് പിന്നിൽ.ബസാറിന്റെ മുന്നിലിരുന്ന ക്യാമറകൾ അടിച്ചുതകർത്തതിന് ശേഷമായിരുന്നു കവർച്ച.സമീപത്തെ സി.സി ടിവി ക്യാമറയിൽ ഇരുവരുടെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുഖം ഷാൾ വച്ച് മറച്ചതിനാൽ വ്യക്തമല്ല.ഒരാൾ ചുരിദാറും മറ്റൊരാൾ നൈറ്റിയുമാണ് ധരിച്ചിരുന്നത്. ദൃശ്യങ്ങളിൽ ഇവരുടെ കൈയിൽ ഇരുമ്പ് കമ്പിപ്പാരയുള്ളതും കാണാം.
പെരുങ്ങുഴി ഭാഗത്ത് നിന്നാണ് ഇരുവരും മോഷണത്തിനായി എത്തിയത്.മോഷണം കഴിഞ്ഞ് കാറ്റാടിമുക്ക് - പൊടിയന്റ് മുക്ക് ഇടറോഡ് വഴിയാണ് പോയിരിക്കുന്നത്.കടയുടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും.