തലശ്ശേരി എൻജി. കോളജിന് അരക്കോടിയുടെ വികസന പദ്ധതി: ലക്ഷ്യം മികവിന്റെ കേന്ദ്രം
തലശ്ശേരി : തലശ്ശേരി എൻജിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എൻജിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് തയ്യാക്കിയ കൺസെപ്റ്റ് നോട്ട് നിയമസഭാസ്പീക്കർ എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗം അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് കേപ്പിനെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ.യുമായും നിയമസഭാ സ്പീക്കർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേപ്പിന് കീഴിലുള്ള തലശ്ശേരി എൻജിനീയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കമായത്. 25ന് വീണ്ടും യോഗം ചേർന്ന് കിഫ്ബിക്ക് പ്രോപ്പോസൽ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
സഹകരണ വകുപ്പുമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായർ, കേപ്പ് ഡയറക്ടർ ഡോ.താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്.ജയകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം.കുഞ്ഞുമോൻ, എസ്. കെ.അർജ്ജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുസ്ഥിര സാമ്പത്തികവളർച്ചയ്ക്കുള്ള കേന്ദ്രമാക്കും
നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും സമഗ്രമായ സ്റ്റാർട്ടപ്പ് പിന്തുണയിലൂടെയും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വളർത്തിയെടുക്കുന്നതിനും സുസ്ഥിര സാമ്പത്തികവളർച്ച കൈവരിക്കുന്നതിനുമുള്ള കേന്ദ്രമാക്കി കോളേജിനെ മാറ്റും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ആധുനിക ലോജിസ്റ്റിക്സ് സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കും.
സ്‌കിൽ ഡെവലപ്‌മെന്റിന് തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ്(കെ.എ.എസ്.ഇ) മുഖേനെ പ്രോജക്ട് ആവിഷ്‌കരിക്കും