വെള്ളയംദേശക്കാർക്ക് ഇനി ചുറ്രിക്കറങ്ങണ്ട പാലം നിർമ്മാണത്തിന് അനുമതി

Tuesday 08 July 2025 2:54 AM IST

കല്ലറ: വെള്ളയംദേശക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.

'ഒരു പഞ്ചായത്തിൽ, ഒരു ടൂറിസം' എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വിനോദസഞ്ചാരത്തിനും അനന്ത സാദ്ധ്യതയുള്ള മലയോര പാതയായി ഇതുമാറും. വാമനപുരം മണ്ഡലത്തിലെ പാങ്ങോട്,നന്ദിയോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പതിലേറെ വർഷം പഴക്കമുള്ള നടപ്പാലം പൊളിച്ചുമാറ്റിയാണ്,ഗതാഗതം സാദ്ധ്യമാക്കുന്ന രീതിയിൽ പുതിയ പാലം വരുന്നത്. നിരവധി പട്ടികജാതി,പട്ടികവർഗ ഊരുകളിൽ താമസിക്കുന്ന 200പരം കുടുംബങ്ങൾക്ക് പാലോട്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആറിന് കുറുകേയുള്ള നടപ്പാലം മാത്രമായിരുന്നു ഏകാശ്രയം. പാങ്ങോട് നിന്ന് കൊച്ചാലുംമൂട് കാഞ്ചിനട വെള്ളയംദേശം വഴി പാണ്ടിയൻപാറ വഴി പാലോട് പോകുന്നതാണ് എളുപ്പം. എന്നാൽ നടപ്പാലമായതിനാൽ,പത്തുകിലോമീറ്റർ ചുറ്റി ഭരതന്നൂർ,മൈലമൂട് വഴിയായിരുന്നു പാലോട് പോയിരുന്നത്.

മഴക്കാലത്ത് ആറിൽ വെള്ളം കരകവിഞ്ഞൊഴുകുന്നതുമൂലം അടപ്പുപാറ ട്രൈബൽ സ്കൂളിലെ കുട്ടികളുൾപ്പെടെയുള്ളവരുടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. ഇതിന് പരിഹാരമായാണ് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ എം.എൽ.എയുടെ ശുപാർശയെ തുടർന്ന് പുതിയ പാലം നിർമ്മിക്കാൻ തുക മാറ്റിവച്ചത്.

കാട് കണ്ട് യാത്ര

വനങ്ങളും നദികളും കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം കാണാൻ മനോഹരമാണ്.ഇതുവഴി വനത്തിൽ കൂടി സഞ്ചരിച്ച് പൊന്മുടിയിലും,ഇടിഞ്ഞാറും,മങ്കയത്തുമെല്ലാം വേഗത്തിലെത്താൻ കഴിയും.സമ്പൂർണ കാനന യാത്രയായതിനാൽ യാത്ര ആസ്വാദ്യകരമാകും.

യാത്ര എളുപ്പമാകും

പാലം വരുന്നതോടെ വെള്ളയംദേശം കൂടാതെ നെടുംകൈത്ത,മോട്ടൊട്ടുകാല,ചെട്ടിയെക്കൊന്നകയം,ചെമ്പൻകോട്,കാഞ്ചിനട പ്രദേശത്തുള്ളവർക്ക് പാലോട് ഗവ.ആശുപത്രി,പാലോട് തെങ്കാശി റോഡ്,വെറ്റിനറി ബയോളജിക്കൽസ് തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനും,താലൂക്ക് ആസ്ഥാനമായ നെടുമങ്ങാട് എത്തുന്നതിനും സഹായകമാകും.

പാലം നിർമ്മാണത്തിന് അനുവദിച്ചത് - 2.79 കോടി രൂപ

പുതിയ പാലത്തിന് 11 മീറ്റർ വീതിയും 25 മീറ്റർ നീളവുമുണ്ടാകും.

7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്