പിടികിട്ടാപ്പുള്ളി വധശ്രമ കേസിൽ അറസ്റ്രിലായി

Tuesday 08 July 2025 1:35 AM IST

തിരുവനന്തപുരം: നിരവധി മോഷണക്കേസിൽ പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി വധശ്രമക്കേസിൽ തമ്പാനൂർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ ആര്യാട് തെക്ക് സ്വദേശിയായ ശ്യാം പാസ്‌കലാണ് അറസ്റ്റിലായത്.

മോഡൽ സ്കൂൾ ജംഗ്ഷന് സമീപമുള്ള ചായക്കടയിൽ വച്ച് രാജാജി നഗർ സ്വദേശി ലെജുഷ് ബാബുവിന്റെ തല ചുടുകട്ട കൊണ്ട് അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്. ജൂലായ് രണ്ടിന് വൈകിട്ട് 6നായിരുന്നു സംഭവം. ചായക്കടയിൽ ഉറക്കെ ബഹളമുണ്ടാക്കിയ ഇയാളോട് പതുക്കെ സംസാരിക്കാൻ പറഞ്ഞതിനായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ ലെജുഷ് ചികിത്സയിലാണ്. ഇയാളുടെ പരാതിയിലാണ് അറസ്റ്റ്.

ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് മോഷണം,അടിപിടി,ലഹരിമരുന്ന് കടത്ത് കേസുള്ളതായി കണ്ടെത്തിയത്. കാറ് മാത്രമാണ് ഇയാൾ മോഷ്ടിക്കുന്നത്. തലസ്ഥാനത്തെത്തിയതും മോഷണ പദ്ധതിക്കാകാമെന്നാണ് പൊലീസ് നിഗമനം. റിമാൻഡിലായ പ്രതിയെ ആലപ്പുഴയിലെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തമ്പാനൂർ എസ്.എച്ച്.ഒ ഡി.ജിജുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിനു മോഹൻ, പ്രദീപ്.എസ്,​ എ.എസ്.ഐ രാജേഷ് കുമാർ,സീനിയർ വാച്ച് പൊലീസ് ഓഫീസർമാരായ ശ്രീരാഗ്,സുദീപ്ത ലാൽ,അനു എം.ജി,ഷിഹാബ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.