പഞ്ചായത്ത് കമ്മറ്റിയിൽ സംഘർഷം : കോൺഗ്രസ് അംഗങ്ങൾക്ക് മർദ്ദനമേറ്റു
Tuesday 08 July 2025 2:03 AM IST
അമ്പലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ 2 കോൺഗ്രസ് മെമ്പർമാർക്ക് മർദ്ദനമേറ്റു. പതിനേഴാംവാർഡ് മെമ്പർ സാജൻ എബ്രഹാം, പതിനാറാം വാർഡ് മെമ്പർ വിശാഖ് വിജയൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ഓബുഡ്സ്‌മാൻ കണ്ടെത്തിയ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി കൂടി പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ചേർക്കണമെന്ന് സാജൻ എബ്രഹാം രേഖാമൂലം കത്ത് നൽകിയെങ്കിലും ഇത് പരിഗണിച്ചില്ല. ഇതിനെതിരെ സാജൻ എബ്രഹാമും വിശാഖ് വിജയനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ഇതിൽ പ്രകോപിതരായ ഭരണപക്ഷത്തെ സി.പി.എം അംഗങ്ങൾ മർദ്ദിച്ചെന്നാണ് ഇരുവരും പറയുന്നത്.