ആരോഗ്യ മന്ത്രിയുടെ രാജി: തൊടുപുഴയിൽ സമര കാഹളം

Tuesday 08 July 2025 3:13 AM IST

 റോഡ് ഉപരോധിച്ച ചാണ്ടി ഉമ്മനെ അറസ്റ്റ് ചെയ്ത് നീക്കി

തൊടുപുഴ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴയിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരങ്ങളിൽ പ്രതിഷേധമിരമ്പി. മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്നു സമരം. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആദ്യം സമരം നടത്തിയത് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയാണ്. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ പ്രകടനമായാണ് ബി.ജെ.പിക്കാർ എത്തിയത്. ന്യൂമാൻ കോളേജിന് സമീപത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് സമരം തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീവിദ്യാ രാജേഷ്, പരിസ്ഥിതി സെൽ സംസ്ഥാന കോ- കൺവീനർ എം.എൻ. ജയചന്ദ്രൻ, നേതാക്കളായ ബെന്നി ജോസഫ്, എൻ.കെ. അബു, പി.ജി. രാജശേഖരൻ, മുന്നി കൈറ്റിയാനി, ശ്രീലക്ഷ്മി സുദീപ്, ഷിൻസ് മോൻ, പി.വി. ഷിംമോൻ, കെ.പി. രാജേന്ദ്രൻ, ജോർജ് പൗലോസ്, ജയലക്ഷ്മി ഗോപൻ, ശ്രീകാന്ത് കാഞ്ഞിരമറ്റം, എം.പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

ഇതിന് ശേഷം 12.30 ഓടെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. നൂറോളം വരുന്ന പ്രവ‌ർത്തകരിൽ ചിലർ ആദ്യം തന്നെ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. തുടർന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. സ‌ർക്കാരിനെയും ആരോഗ്യ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച ചാണ്ടി ഉമ്മന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവ‌ർത്തകർ കൂട്ടത്തോടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസ് ശക്തമായ പ്രതിരോധം തീർത്തതോടെ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപ്പാസ് റോഡ് ഉപരോധിച്ചു. ശക്തമായ മഴ പെയ്തിട്ടും പിൻമാറാതെ എം.എൽ.എ സമരക്കാർക്ക് വീര്യം പകർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്മാറാൻ പൊലീസ് അഭ്യർത്ഥിച്ചിട്ടും ഗൗനിച്ചില്ല. സമരം നീണ്ടതോടെ ഡിവൈ.എസ്.പി പി.കെ. സാബുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാനിടയാക്കിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിന് ശേഷം ചാണ്ടി ഉമ്മനെ അറസ്റ്റ് ചെയ്തപ്പോഴും പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിൽ 20 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ചാണ്ടി ഉമ്മനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉപരോധത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം നടസപ്പെട്ടു. സംഘ‌ർഷത്തിൽ ഒരു പൊലീസുകാരിയുടെ കൈയ്ക്ക് പരിക്കേറ്റു.

ആരോഗ്യമന്ത്രിയും

സർക്കാരും രാജിവയ്ക്കണം:

ചാണ്ടി ഉമ്മൻ കേരളത്തിലെ ആരോഗ്യരംഗം താറുമാറായതായും വകുപ്പ് മന്ത്രി മാത്രമല്ല സർക്കാരും രാജിവയ്ക്കണമെന്ന് ചാണ്ടിഉമ്മൻ എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുള്ള നേട്ടങ്ങളല്ലാതെ പുതിയതായ വികസനങ്ങളോ സൗകര്യങ്ങളോ ആരോഗ്യ മേഖലയ്ക്കില്ല. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള ദൂരം ഒരുപാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, നേതാക്കളായ മാത്യു കെ. ജോൺ, ജോബിൻ മാത്യു, ജോബി സി. ജോയി, മോബിൻ മാത്യു, അരുൺ പൂച്ചക്കുഴി, സോയിമോൻ സണ്ണി, നിഷ സോമൻ, എൻ.ഐ. ബെന്നി, ജോൺ നെടിയപാല, ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ, അനുഷൽ ആന്റണി, നിതിൻ ലൂക്കോസ്, ജോസ് കുട്ടി ജോസ്, മനോജ് രാജൻ, ഷാനു ഷാഹുൽ, മുകേഷ് മോഹനൻ, ഫൈസൽ ടി.എസ്, രഞ്ജിത്ത് രാജീവ്, ബിബിൻ അഗസ്റ്റിൻ, മനു സി.എൽ, വിഷ്ണു കോട്ടപ്പുറം, റെമീസ് കൂരപ്പള്ളി, മുനീർ സി.എം, രാജേഷ് ബാബു എന്നിവർ പങ്കെടുത്തു.

സ്റ്റേഷനിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് നടന്ന് ചാണ്ടി ഉമ്മൻ

സമരത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ചാണ്ടിഉമ്മൻ സ്റ്റേഷനിൽ നിന്നും പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിലേക്ക് പോയത് കാൽ നടയായി. പ്രവർത്തകർക്കൊപ്പം കുശലം പറഞ്ഞും ഫോട്ടോയ്ക്ക് പോസ് ചെയ്തും അമ്പലം ബൈപ്പാസ് വഴിയായിരുന്നു നടത്തം. ഇവിടെയെത്തി പ്രവർത്തകർക്കൊപ്പം ആഹാരം കഴിച്ച ശേഷം കോട്ടയത്തേക്ക് മടങ്ങി.