ലോഡ്ജിൽ യുവാവിന് മൃഗീയമർദ്ദനം, ഇരുമ്പുവടിക്ക് അടിച്ചുവീഴ്‌ത്തി സ്‌ക്രൂഡ്രൈവറിന് കുത്തി

Tuesday 08 July 2025 12:35 AM IST

 പിന്നിൽ പത്തംഗ സംഘം  മൂന്ന് പ്രതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം തമ്മനത്ത് പത്തംഗ സംഘം ലോഡ്ജിൽ അതിക്രമിച്ചുകയറി യുവാവിനെ ഇരുമ്പുവടിക്ക് അടിച്ച് വീഴ്‌ത്തിയശേഷം സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളത്ത് ജോലി ചെയ്യുന്ന കൊല്ലം കൈക്കുളങ്ങര തോപ്പിൽപ്പുരയിടം വീട്ടിൽ റോഷൻ ജസ്റ്റിനാണ് (30) പരിക്കേറ്റത്. സംഭവത്തിൽ മൂന്നുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശികളായ സെർജിയോ, സാൻ പി. ജോർജ്, എളമക്കര സ്വദേശി ആന്റണി ജോൺ എന്നിവരാണ് പിടിയിലായത്. ഏഴുപേർ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബൈക്കിനെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചതെന്നാണ് യുവാവിന്റെ പരാതിയെങ്കിലും ലഹരിയിടപാടിലെ കലഹമാണ് കാരണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഒളിവിലുള്ള പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. വൈകാതെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

പരിക്കേറ്റ റോഷൻ ഈ മാസം ആദ്യം ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു. അളവിൽ കുറവായതിനാൽ സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി തൊട്ടടുത്ത ദിവസമാണ് അക്രമത്തിന് ഇരയായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 5,000 രൂപ കൈമാറാത്തതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

സീൻ1:

പാലാരിവട്ടം പൊലീസ് സ്റ്റേഷനിന് സമീപത്തെ നൈറ്റ് കടയിൽവച്ചാണ് തർക്കം തുടങ്ങുന്നത്. രാത്രി ചായകുടിക്കാൻ എത്തിയതായിരുന്നു റോഷനും സുഹൃത്തും. പ്രശ്‌നം രൂക്ഷമായതോടെ ഇവർ തിരികെ തമ്മനത്തെ സംസ്‌കാര ജംഗ്ഷനിലെ ലോഡ്ജിലേക്ക് പോയി.

സീൻ 2:

പകയൊടുങ്ങാതെ,​ ഒന്നാം പ്രതി സെർജിയോയുടെ നേതൃത്വത്തിൽ പത്തംഗ സംഘം പുലർച്ചെ ഇരുമ്പുവടിയും മറ്റുമായി ലോഡ്ജിലെത്തി 80ാംനമ്പർ മുറിയിൽ അതിക്രമിച്ച് കയറി.

സീൻ 3:

സെർജിയോ റോഷനെ ഇരുമ്പുവടിക്ക് അടിക്കുകയും സ്ക്രൂഡ്രൈവറിന് കുത്തുകയും ചെയ്തു. പാലരിവട്ടം, എളമക്കര സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയാണ് ഇയാൾ. സുഹൃത്താണ് റോഷനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്ന് പൊലീസ് വിവരം അറിഞ്ഞു. ആദ്യം പരാതി നൽകാൻ റോഷൻ മടിച്ചെന്നും പിന്നീടാണ് പരാതി നൽകാൻ തയ്യാറായതെന്നും അറിയുന്നു.