ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Tuesday 08 July 2025 2:03 AM IST

വലപ്പാട്: പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും സ്‌കൂട്ടർ കത്തിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വലപ്പാട് ബീച്ച് സ്വദേശി ചാഴുവീട്ടിൽ സുമേഷിനെ(40) ആണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് രാത്രിയാണ് സംഭവം.

വലപ്പാട് ബീച്ച് സ്വദേശിനി ഉപയോഗിക്കുന്ന സ്‌കൂട്ടർ വീട്ടുമുറ്റത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് തന്നെ പെട്രോൾ എടുത്ത് കത്തിക്കുകയും ഇതുകണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സുമേഷ് വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും, ഒരു സ്ത്രീ പീഡനക്കേസിലും അടക്കം 7 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. രമേഷ്, എസ്.ഐ: സദാശിവൻ, എ.എസ്.ഐ: ഭരതനുണ്ണി, സീനിയർ സി.പി.ഒ: പി.എസ്. സോഷി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.