ജന്മദിനത്തിൽ മോദി സമ്മാനങ്ങൾ മോഹവില കൊടുത്ത് സ്വന്തമാക്കാൻ തിക്കും തിരക്കും, മുഖ്യമന്ത്രി നൽകിയ ആനയ്ക്കും ആവശ്യക്കാരേറെ

Tuesday 17 September 2019 10:32 AM IST

ന്യൂഡൽഹി:​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനമാണ് ഇന്ന്. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും സേവാ സപ്താഹം ഉൾപ്പെടെയുള്ള നിരവധി പരിപാടികളാണ് ബി.ജെ.പി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗുജറാത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം,​ എല്ലാ ജന്മദിനത്തിലുമെന്നപോലെ ഇന്നും അമ്മ ഹീരാബെന്നിനൊപ്പം കുറച്ച് സമയം ചെലവഴിക്കും. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിക്കും. 'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന മോദി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

ഇഷ്ടനേതാവിന്റെ ജന്മദിനം മത്സരിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ,​മോദിക്ക് ലഭിച്ച സമ്മാനങ്ങൾ മോഹവില നൽകി വാങ്ങി സൂക്ഷിക്കാനും മത്സരിക്കുകയാണ്. ഗംഗ ശുചീകരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിക്ക് പണം സമാഹരിക്കാനായിട്ടാണ് തനിക്ക് ലഭിച്ച സമ്മാനങ്ങൾ പ്രധാനമന്ത്രി ലേലത്തിന് വച്ചത്.

ഡൽഹിയിലെ നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ടിൽ നടക്കുന്ന ലേലത്തിൽ വൻവില നൽകി സമ്മാനങ്ങൾ സ്വന്തമാക്കാൻ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് സമ്മാനിച്ച നെറ്റിപ്പട്ടം കെട്ടിയ ആനയുടെ പ്രതിമയ്ക്ക് 50,​100 രൂപയായിരുന്നു ഇന്നലെ വൈകീട്ട് വരെ ലഭിച്ചതിൽ ഉയർന്ന വില. 2500 രൂപ അടിസ്ഥാന വിലയിട്ടായിരുന്നു ഇതിന്റെ ലേലം തുടങ്ങിയത്.

4000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആറന്മുള കണ്ണാടിക്ക് 14,​200രൂപയാണ് ഇതുവരെ ലഭിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സമ്മാനിച്ച ചെറുനാളികേരത്തിനുള്ളിൽ വെള്ളികലശം നിറച്ച പെട്ടിക്ക് ഒരുകോടി രൂപ കവിഞ്ഞു. രണ്ടുദിവസത്തിന് മുമ്പ് വരെ 18000 രൂപയായിരുന്നു ഇതിന്റെ വില. ആയിരം രൂപ അടിസ്ഥാന വിലയിട്ട് വച്ച മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രത്തിന് 10ലക്ഷം രൂപ കടന്നു. ഒക്ടോബർ മൂന്ന് വരെ ലേലം തുടരും.