ജില്ല സമരങ്ങളിൽ നിറഞ്ഞു : സംഘർഷം , ജലപീരങ്കി

Tuesday 08 July 2025 12:39 AM IST

തൃശൂർ: ജില്ലയിൽ വിവിധയിടങ്ങൾ സമരങ്ങളിൽ നിറഞ്ഞു. യൂത്ത് കോൺഗ്രസ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവരുടെ ആഭിമുഖ്യത്തിലാണ് വിവിധ വിഷയങ്ങളിൽ സമരരംഗത്തിറങ്ങിയത്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ബി.ജെ.പി ജില്ലാ ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും നടത്തിയ മാർച്ചുകളും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ദേശീയപാത നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പാലിയേക്കരയിലേക്ക് മാർച്ച് നടത്തി.

ഡി.എം.ഒ ഓഫീസ് മാർച്ച്

കേരളത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ബലപ്രയോഗമായി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി.പ്രമോദ്, കാവ്യ രഞ്ജിത്ത്, അഡ്വ. സുഷിൽ ഗോപാൽ, അഭിലാഷ് പ്രഭാകർ, നിഖിൽ ജി.കൃഷ്ണൻ, ജെറോൺ ജോൺ എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി മാർച്ചിൽ സംഘർഷം

കേരളത്തിലെ ആരോഗ്യമേഖലയെ താറുമാറാക്കിയ സാധാരണക്കാർക്ക് ആശുപത്രികളിൽ പോലും മരണഭീതി വിതച്ച എൽ.ഡി.എഫ് സർക്കാരിനെതിരെയും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രി മാർച്ച് നടത്തി. മാർച്ച് തടഞ്ഞ പൊലീസുമായി പ്രവർത്തകരും നേതാക്കളും കെെയാങ്കളിയിലെത്തി. ഒടുവിൽ സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. ജില്ലാ പ്രഭാരി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഭീം ജയരാജ് പി.കെ.ബാബു, അഡ്വ. കെ.ആർ.ഹരി, വൈസ് പ്രസിഡന്റുമാരായ ഡോ. വി.ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പിൽ, സൗമ്യ സലേഷ്, ടി.സർജു, വിജയൻ മേപ്രത്, എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ കോളേജിൽ ജലപീരങ്കി

മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ ഭരാവാഹികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷയായി. വിപിൻ കുരിയേടത്ത്, വി.സി.ഷാജി, കവിതാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ടോള്‍ പ്ലാസയിലേക്ക് എൽ.ഡി.എഫ് മാർച്ച്

പാലിയേക്കര: ദേശീയപാതയിലെ യാത്രാദുരിതത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. തലോരിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ടോൾപ്ലാസയ്ക്കു സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ ടോൾപ്ലാസയിലെത്തി ടോൾബൂത്തുകൾ തുറന്നുവിട്ടു. മുദ്രാവാക്യം വിളിച്ച് ടോൾപ്ലാസയിൽ പ്രവേശിക്കാനൊരുങ്ങിയ പ്രവർത്തകരെ നേതാക്കൾ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ.രമേഷ്‌കുമാർ അദ്ധ്യക്ഷനായി. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, പി.കെ.ചന്ദ്രശേഖരൻ, വി.എസ്.പ്രിൻസ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.എൽ.ജോയ്, സി.ടി.ജോഫി, സി.ആർ.വത്സൻ, ജെയ്‌സൺ മാണി, ഷൈജു, ബഷീർ, പോൾ എം.ചാക്കോ, ഗോപിനാഥൻ താറ്റാട്ട്, യൂജിൻ മൊറേലി തുടങ്ങിയവർ പ്രസംഗിച്ചു.