അടാട്ട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് 'മികവ് 2025'

Tuesday 08 July 2025 12:00 AM IST

മുതുവറ: അടാട്ട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് 'മികവ് 2025' സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ഡി.പ്രതീഷ് അദ്ധ്യക്ഷനായി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളേയും നൂറുശതമാനം വിജയം നേടിയ ഹൈസ്‌കൂളുകളേയും ഹയർ സെക്കൻഡറി സ്‌കൂളുകളെയും ചടങ്ങിൽ ആദരിച്ചു. ഏറ്റവും കൂടുതൽ കുടിശിക തിരിച്ചടവ് സാദ്ധ്യമാക്കിയതിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബാങ്ക് സെയിൽ ഓഫീസർ കെ.ഡി.ഷീജ, നിക്ഷേപ സമാഹരണത്തിൽ മികവ് പുലർത്തിയ അടാട്ട്, ചിറ്റിലപ്പിള്ളി, പേരാമംഗലം ബ്രാഞ്ചുകൾ, ജീവനക്കാരായ എ.പി.ഫിലിപ്പ്, പി.എ.അജിത, ജോർജ് ജോസഫ്, ഏറ്റവും കൂടുതൽ പുതിയ അക്കൗണ്ടുകൾ ആരംഭിച്ച ചിറ്റിലപ്പിള്ളി ബ്രാഞ്ചും 58-ാം വയസിൽ സോഷ്യോളജിയിൽ ബിരുദം നേടിയ കെ.വി.രാമദാസ് എന്നിവരും മികവ് 2025 പരിപാടിയിൽ അനുമോദനം ഏറ്റുവാങ്ങി. സിമി അജിത്ത് കുമാർ, ലിനി ഷാജി, വി.എസ്.ശിവരാമൻ, ഉഷ ശ്രീനിവാസൻ, സി.ആർ.പോൾസൺ, ഐ.പി.മിനി, അബിൻ ശങ്കർ എന്നിവർ സംസാരിച്ചു.