റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: മഹേഷ് ബാബുവിന് നോട്ടീസ്
ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ തെലുങ്ക് താരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മിഷന്റെ നോട്ടീസ്. മഹേഷ് ബാബു പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഒരു ഡോക്ടർ നൽകിയ പരാതിയിലാണിത്. രംഗറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മിഷനാണ് കേസ് പരിഗണിക്കുന്നത്. ഈ കേസിൽ കമ്മിഷൻ നോട്ടീസ് അയക്കുകയും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഹൈദരാബാദിലെ വനിതാ ഡോക്ടറും മറ്റൊരാളും ചേർന്ന് 'സായി സൂര്യ ഡെവലപ്പേഴ്സ്' റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. ബാലാപൂരിൽ കമ്പനി ആരംഭിച്ച സംരംഭത്തിൽ ഓരോ പ്ലോട്ടും വാങ്ങുന്നതിന് 34.80 ലക്ഷം രൂപ വീതം നൽകിയതായി അവർ പരാതിയിൽ പറയുന്നു. മഹേഷ് ബാബുവായിരുന്നു പ്രൊജക്ടിന്റെ പ്രൊമോട്ടറെന്നും അദ്ദേഹത്തിന്റെ ഫോട്ടോയുള്ള ബ്രോഷർ വച്ചാണ് പണം മുടക്കിയതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. പിന്നീട് അവിടെ കമ്പനിക്ക് സ്ഥലമില്ലെന്ന് മനസിലാക്കിയെന്നും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞെന്നും അവർ പറയുന്നു.
പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഉടമ കഞ്ചർല സതീഷ് ചന്ദ്രഗുപ്തയെ പരാതിക്കാർ സമീപിച്ചിരുന്നു. അദ്ദേഹം ഗഡുക്കളായി 15 ലക്ഷം മാത്രമാണ് നൽകിയത്. ബാക്കി പണത്തിന് നിർബന്ധിച്ചപ്പോൾ ഉടമ ഒഴിഞ്ഞുമാറിയെന്നും അതിനാലാണ് കമ്മിഷനെ സമീപിച്ചതെന്നും പരാതിയിൽ പറയുന്നു.
ഇതേ കേസിൽ ഏപ്രിൽ 27ന് ഹാജരാകാൻ ഇ.ഡി നേരത്തെ മഹേഷ് ബാബുവിന് നോട്ടീസ് നൽകിയിരുന്നു. വിദേശത്ത് ഷൂട്ടിംഗ് ആയതിനാൽ വരാനാകില്ലെന്ന് നടൻ ഇ.ഡിയെ അറിയിച്ചു. തുടർന്ന് തീയതി മാറ്റി നൽകുകയായിരുന്നു. കമ്പനി 5.9 കോടിയാണ് നടന് പ്രതിഫലമായി നൽകിയത്. ഇതിൽ രണ്ടര കോടി പണമായിട്ടാണ് നൽകിയത്. ഇത് വിനിമയ ചട്ടത്തിന്റെ ലംഘനമാണ്. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഇ.ഡി സംശയിക്കുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
മഹേഷ് ബാബുവും സംവിധായകൻ രാജമൗലിയും ഒന്നിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽപൃഥ്വിരാജ് സുകുമാരനും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നുണ്ട്. SSMB29 എന്ന താത്കാലിക പേരിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.