ബീഹാർ വോട്ടർ പട്ടിക: 'ഇന്ത്യ' സഖ്യം സുപ്രീംകോടതിയിൽ, വാദംകേൾക്കൽ വ്യാഴാഴ്ച
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ യാഥാർത്ഥ്യ ബോധത്തോടെയല്ലെന്ന് ആരോപിച്ച് 'ഇന്ത്യ' സഖ്യം സുപ്രീംകോടതിയിൽ. കോൺഗ്രസ്,സി.പി.ഐ,എൻ.സി.പി,ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്,ആർ.ജെ.ഡി,സമാജ്‌വാദി പാർട്ടി,ശിവസേന ഉദ്ദവ് വിഭാഗം,ജാർഖണ്ഡ് മുക്തി മോർച്ച,സി.പി.ഐ(എം.എൽ) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഹർജി സമർപ്പിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്,പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്,ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ്,മുൻ ബീഹാർ എം.എൽ.എ മുജാഹിദ് ആലം (ജെ.ഡി.യു) തുടങ്ങിയവരുടെ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. വ്യാഴാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അടക്കം ആവശ്യം ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. എതിർകക്ഷിയായ തിരഞ്ഞെടുപ്പ് കമ്മിഷന് ഹർജികളുടെ പകർപ്പ് കൈമാറാൻ കോടതി അനുമതി നൽകി. വിഷയത്തിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട്,നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ അതീവ നിർണായകമാണ്.
രേഖകളില്ലെങ്കിൽ പുറത്ത്
തീവ്ര വോട്ടർപട്ടിക പുതുക്കലിൽ കടുത്ത ഭരണഘടനാ വിരുദ്ധതയും,യാഥാർത്ഥ്യ ബോധമില്ലായ്‌മയുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആധാർ-റേഷൻ കാർഡ് തുടങ്ങിയ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്നില്ല. ജനന സർട്ടിഫിക്കറ്റ്,പൗരത്വ രേഖകൾ തുടങ്ങിയവ ചോദിക്കുന്നു. ഇതുകാരണം 20 വർഷമായി വോട്ട് ചെയ്യുന്നവർ പോലും പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണ്. ലക്ഷകണക്കിന് പേരുടെ വോട്ടവകാശം നിഷേധിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനങ്ങളെന്ന് അഭിഭാഷകർ ഇന്നലെ കോടതിയെ അറിയിച്ചു. 25ന് മുൻപ് രേഖകൾ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിനു പുറത്ത് ലക്ഷകണക്കിന് ബീഹാർ സ്വദേശികളുണ്ട്. അവർക്ക് വേഗത്തിൽ രേഖകൾ ശരിയാക്കാൻ കഴിയില്ലെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടി.