ഹിമാചലിലെ പ്രളയം: മരണം 79 ആയി
ഷിംല: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ ഹിമാചലിൽ മരണം 79 ആയി. 37 പേരെ കാണാതായി. 115 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് 572.69 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മാണ്ഡി ജില്ലയിലെ 176 ഉൾപ്പെടെ 269ലധികം റോഡുകളും അടച്ചിട്ടിരിക്കുകയാണ്. 285 പവർ ട്രാൻസ്‌ഫോർമറുകൾ തകരാറിലായി,278 ജല പദ്ധതികൾ അടച്ചു. അപ്രതീക്ഷിത പ്രളയത്തിൽ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. ഇന്നും നാളെയും കൂടി കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സഹകരണബാങ്ക് മണ്ണിനടിയിൽ
മഴക്കെടുതി കൂടുതലായി ബാധിച്ച മാണ്ഡി ജില്ലയിലെ തുനാഗ് പട്ടണത്തിലുള്ള സഹകരണബാങ്ക് പൂർണമായും മണ്ണിനടിയിലായി. ഇതോടെ വലിയ ആശങ്കയിലായിരിക്കുകയാണ് ഈ ബാങ്കിലെ ഇടപാടുകാർ. ബാങ്കിന്റെ ഒന്നാം നില പൂർണമായും ചെളിയിൽ മൂടി. നഗരത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ബാങ്ക്,നഗരത്തിലെ എണ്ണായിരത്തോളം ആളുകൾ ആശ്രയിക്കുന്ന ഒരേയൊരു ബാങ്കാണ്. ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത് ഒന്നാം നിലയിൽ ആയിരുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വിലപ്പെട്ട വസ്തുക്കൾ കവർച്ചക്കാർ ലക്ഷ്യംവയ്ക്കാൻ സാദ്ധ്യത ഉള്ളതിനാൽ,നാട്ടുകാർ ഇപ്പോൾ ബാങ്കിന് കാവൽ നിൽക്കുന്നുണ്ട്. നാശനഷ്ടങ്ങൾക്കൊപ്പം മോഷണത്തിന്റെയും ഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ഈ ജാഗ്രത.
19 മേഘവിസ്ഫോടനങ്ങൾ
ഹിമാചലിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം 19 മേഘവിസ്ഫോടനങ്ങളുണ്ടായി. ഇത് 23 ഓളം വെള്ളപ്പൊക്കത്തിനും 16 ഉരുൾപ്പൊട്ടലിനുമാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. അതേസമയം,ഈ വർഷം നേരത്തെയാണ് ഉത്തരേന്ത്യയിൽ മൺസൂണെത്തിയത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴ തുടരുന്നത്.
ഉരുൾപൊട്ടൽ മുന്നറിയിപ്പ്
ഉത്തരാഖണ്ഡിലെ തെഹ്‌രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി എന്നീ നാല് ജില്ലകളിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾ, ദുരന്തനിവാരണ അതോറിട്ടികൾ, പൊലീസ്, സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആർ.എഫ്) എന്നിവരോടും ജാഗ്രത പാലിക്കാൻ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ നിർദ്ദേശിച്ചു.