ബിഹാറിൽ കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

Tuesday 08 July 2025 2:18 AM IST

ന്യൂഡൽഹി: ബീഹാറിലെ പൂർണിയ ജില്ലയിലെ തെറ്റ്ഗാമ ഗ്രാമത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. ഈ വീട്ടിൽ നടത്തിയ മന്ത്രവാദത്തിനുശേഷം ഒരു കുട്ടി മരിച്ചതിന്റെ പേരിൽ അഞ്ചുപേരെയും മർദ്ദിച്ചശേഷം തീയിലിട്ട് കൊല്ലുകയായിരുന്നു. ഞായറാഴ്‌ച നടന്ന സംഭവത്തിൽ, മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബാബുലാൽ ഒറാവോൺ(50), ഭാര്യ സീതാ ദേവി(48), ഭാര്യാ മാതാവ് കാത്തോ ദേവി, മകൻ മഞ്ജീത് ഒറാവോൺ(25), മരുമകൾ റാണി ദേവി(23) എന്നിവരാണ് കൊല്ലപ്പെട്ടത്. സീതാ ദേവി നടത്തിയ ദുർമന്ത്രവാദത്തെ തുടർന്ന് രാംദേവ് ഒറാവോൺ എന്നയാളുടെ മകൻ മരിച്ചിരുന്നു. തുടർന്ന് ഗ്രാമത്തലവൻ നകുൽ ഒറാവോണിന്റെ നേതൃത്വത്തിൽ 200 ഗ്രാമവാസികൾ യോഗം ചേർന്ന് വിധിച്ച ശിക്ഷയാണ് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.

അമ്പതോളം ആളുകൾ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട 16വയസുള്ള കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ കത്തിയ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങൾ മറവു ചെയ്‌തെന്നാണ് സൂചന. പൊലീസ് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്തുണ്ട്.

മരിച്ചവരും കൃത്യം നടത്തിയവരും ഒറാവോൺ സമുദായത്തിൽ പെട്ടവരാണെന്ന് പൊലീസ് സൂപ്രണ്ട് സ്വീറ്റി സഹ്രാവത്ത് അറിയിച്ചു. ഗ്രാമത്തലവൻ അടക്കം മൂന്നുപേരെ അറസ്റ്റു ചെയ്‌തു.

ബിഹാറിലെ ഉൾനാടൻ ഗ്രാമങ്ങളിൽ അന്ധവിശ്വാസങ്ങൾ വ്യാപകമായതിനാൽ ദുർമന്ത്രവാദം അടക്കം ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. പൂർണിയ സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തെളിയിക്കുന്നതായി ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കുറ്റവാളികൾ ജാഗ്രതയിലും മുഖ്യമന്ത്രി അബോധാവസ്ഥയിലുമാണെന്ന് അദ്ദേഹം പറഞ്ഞു.