ദേശീയ പണിമുടക്ക്: ജനജീവിതം സ്തംഭിക്കും
തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകൾ ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും റദ്ദാക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ് ഉടൻ നടത്തുക, എല്ലാ അസംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കുന്ന തൊഴിലാളികൾ നാളെ സംസ്ഥാനത്തെ 1020 കേന്ദ്രങ്ങളിൽ ഒത്തുചേരും. തലസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നിൽ കൂട്ടായ്മയും സംഘടിപ്പിക്കും.