ട്രെയിനിൽ മോഷണം: പ്രതി അറസ്റ്റിൽ

Tuesday 08 July 2025 1:58 AM IST
ചെല്ലൈദുരെ

കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട അരുവിത്തുറ കുരുവിക്കാട്ടിൽ ചെല്ലൈ ദുരെയെയാണ് (65) റെയിൽവേ പൊലീസ് പിടികൂടിയത്. കൊച്ചുവേളി ലോകമാന്യ തിലക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ മൊബൈൽ ഫോൺ ആണ് മോഷ്ടിച്ചത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ പ്ലാറ്റ്‌ഫോമിൽ പരിശോധന നടത്തിയ പൊലീസ് സംഘം ഗുഡ്‌ഷെഡിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടത്. ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്ത് വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കൊച്ചവേളി ലോകമാന്യ തിലക് എക്‌സ്പ്രസിൽ മുംബൈയ്ക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ ബാഗ് മോഷണം പോയിരുന്നു. ഈ ബാഗും, ഇതിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ വില വരുന്ന സാംസംഗ് മൊബൈൽ ഫോണും പരിശോധനയിൽ കണ്ടെത്തി. കൂടാതെ, ആപ്പിൾ ഐപാഡും, 2350 രൂപയും ബാഗിനുള്ളിലുണ്ടായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയതെന്ന് പരാതി ഉയർന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോണും ബാഗിൽ നിന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.