മീനച്ചിലാറ്റിലും ഇടത്തോടുകളിലും നീർനായ ശല്യമേറുന്നു

Tuesday 08 July 2025 2:03 AM IST

കോട്ടയം: മീനച്ചിലാറ്റിലും ഇടത്തോടുകളിലും നീർനായ ശല്യം രൂക്ഷമാകുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. വിജയപുരം, കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കോട്ടയം, താഴത്തങ്ങാടി മേഖലകളിലാണ് നീർനായ ശല്യരൂക്ഷമായുള്ളത്. കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം നീർനായ കടിച്ചു കുത്തിവെയ്പ്പ് എടുത്തതിനുശേഷം വീട്ടിൽ എത്തിയ വേളൂർ സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ഭീതിയിൽ ആറ്റുതീരത്തെ ജനം ആറുകളുടെയും കായലുകളുടെയും സമീപം താമസിക്കുന്നവർ വെള്ളത്തിൽ ഇറങ്ങാൻ ഭയപ്പെടുകയാണ്. തുണിഅലക്കാനും പാത്രങ്ങൾ കഴുകാനും വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങൾ മുടക്കി മീൻ വളർത്തലിൽ ഏർപ്പെട്ട കർഷകരും നീർനായ ശല്യം മൂലം പൊറുതിമുട്ടുകയാണ്. കൂട്ടമായെത്തുന്ന ഇവ കുളങ്ങളിലെ മീനുകളെ തിന്നുതീർക്കുകയാണ്. കുളങ്ങൾക്ക് ചുറ്റും കട്ടികൂടിയ വലകൾ കൊണ്ട് സുരക്ഷ ഒരുക്കിയിട്ടും ഇവയുടെ ശല്ല്യത്തിൽ നിന്ന് രക്ഷയില്ലെന്ന് കർഷകർ പറയുന്നു.

എത്തുന്നത് കൂട്ടത്തോടെ

മുൻകാലങ്ങളിൽ ഒന്നോ, രണ്ടോ സ്ഥലങ്ങളിൽ മാത്രം കണ്ടിരുന്ന നീർനായകൾ ഇപ്പോൾ വ്യാപകമായി. പ്രദേശവാസികൾ വസ്ത്രങ്ങൾ കഴുകുന്നതിനും കുളിക്കാനും ആശ്രയിക്കുന്നത് തോടുകളെയാണ്. നീർനായകൾ വെള്ളത്തിലൂടെ കൂട്ടമായി പോകുന്നത് പലപ്പോഴും കാണാം മീനച്ചിലാറ്റിൽ പൂവത്തുംമൂട് മുതൽ വട്ടമൂട് വരെയുള്ള പല ഭാഗങ്ങളിലും, പാറമ്പുഴ ഡിപ്പോ കടവ് ഭാഗത്ത് ഉൾപ്പെടെ നീർനായകളെ കാണാറുണ്ട്.

ആക്രമസംഭവങ്ങൾ തുടർക്കഥ

ഞായറാഴ്ച്ച തുണി അലക്കുകയായിരുന്ന താഴത്തങ്ങാടി സ്വദേശി നീർനായ കടിച്ചതിനെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ചു. മാസങ്ങൾക്ക് മുൻപ് തിരുവാർപ്പ് മീൻചിറ ഭാഗത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ ആളെ നീർനായ കടിച്ചു. കടവിൽ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെയും നീർനായ കടിച്ചു. നട്ടാശേരിക്കു സമീപം വെട്ടിയ മീൻ കഴുകാനെത്തിയ വീട്ടമ്മയെ നീർനായ ആക്രമിച്ചു.

ജില്ലയിലെ ആറുകളിലും കായലിലും നീർനായുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിരിക്കുന്നത് സമീപത്ത് താമസിക്കുന്നവർക്കും മീൻ വളർത്തലിൽ എർപ്പെട്ടിരിക്കുന്ന കർഷകർക്കും ഭീഷണിയായി മാറി. അതിനാൽ, നീർനായയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണം.

എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി