നവമിയെ സന്ദർശിച്ച് മന്ത്രിയും കളക്‌ടറും: വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി

Tuesday 08 July 2025 3:05 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്ത്കുന്നേൽ ഡി.ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള സംഘം നവമിയുടെ വസതിയിലെത്തി. നവമിയെ അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മന്ത്രി വി.എൻ വാസവൻ,​ കോട്ടയം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ നവമിയേയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനെയും സന്ദർശിച്ചു.

പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ്, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, എ.ഡി.എം എസ്.ശ്രീജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, വീടിന്റെ സാഹചര്യങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണിത്.. വിശദമായ റിപ്പോർട്ടും സമഗ്ര അന്വേഷണ റിപ്പോർട്ടും വൈകാതെ സമർപ്പിക്കും. നവമിക്ക് ചികിത്സയടക്കം എല്ലാം സൗകര്യവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രിയും കളക്ടറും അറിയിച്ചു.

മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്‌തു.തുടർന്ന് രാജീവ് ചന്ദ്രശേഖർ ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രി ആർ.ബിന്ദു ഇന്ന് രാവിലെ ബിന്ദുവിന്റെ വീട് സന്ദർശിക്കും.