ബ്രിക്‌സിന് ട്രംപിന്റെ മുന്നറിയിപ്പ് --- 10 ശതമാനം അധിക തീരുവ ചുമത്തും
വാഷിംഗ്ടൺ: ഇറാനിലെ ആക്രമണങ്ങളെ അപലപിക്കുകയും അന്യായ തീരുവ ഭീഷണികളെ വിമർശിക്കുകയും ചെയ്ത ബ്രിക്സ് രാജ്യങ്ങൾക്കെതിരെ ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്സിന്റെ 'അമേരിക്കൻ വിരുദ്ധ നയ"ങ്ങളോട് യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതുസംബന്ധിച്ച് ട്രംപ് കൂടുതൽ വ്യക്തമാക്കിയിട്ടില്ല.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 17 -ാം ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബ്രിക്സ് നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. വ്യാപാരത്തെ വളച്ചൊടിക്കുന്ന ഏകപക്ഷീയമായ തീരുവ,തീരുവ ഇതര നടപടികൾ ഉയരുന്നതിൽ ഗുരുതര ആശങ്കയുണ്ടെന്നും,ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ജൂൺ 13 മുതൽ ഇറാനിലുണ്ടായ വ്യോമാക്രമണങ്ങളെയും പ്രസ്താവനയിൽ അപലപിച്ചു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ,ഇറാന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ അടക്കം മൂന്ന് ആണവ കേന്ദ്രങ്ങളെ യു.എസ് ബോംബിട്ട് തകർത്തിരുന്നു.
ട്രംപിന്റെയോ യു.എസിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു ബ്രിക്സിന്റെ വിമർശനം. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളെ അപലപിച്ച ബ്രിക്സ്,യു.എൻ രക്ഷാസമിതിയുടെ അംഗീകാരമില്ലാത്ത ഉപരോധങ്ങളെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞതും ട്രംപിനെ ചൊടിപ്പിച്ചു. റഷ്യക്ക് മേൽ യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങൾ ചുമത്തിയ ഉപരോധങ്ങളെ കുറിച്ചുള്ള പരാമർശമാണിത്.
ഏറ്റുമുട്ടാനില്ലെന്ന് ചൈന
ബ്രിക്സ് ഒരു രാജ്യവുമായും ഏറ്റുമുട്ടലിന് ഇല്ലെന്ന് ട്രംപിനോട് ചൈന. വ്യാപാര,തീരുവ യുദ്ധങ്ങളിൽ വിജയികളില്ല. വളരുന്ന വിപണികൾക്കും വികസ്വര രാജ്യങ്ങൾക്കും ഇടയിലെ സഹകരണത്തിനുള്ള പ്രധാന വേദിയാണ് ബ്രിക്‌സെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് പകരം പ്രധാനമന്ത്രി ലീ ക്വിയാംഗാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വെർച്വലായി പങ്കെടുത്തു.
ഡോളറിന്റെ പേരിലും ഭീഷണി
ഇന്ത്യ,റഷ്യ,ചൈന,ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിനെതിരെ മുമ്പും ട്രംപിന്റെ ഭീഷണി
അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.എസ് ഡോളറിന് പകരം പുതിയ കറൻസി രൂപീകരിച്ചാലോ മറ്റ് കറൻസിയെ പിന്തുണച്ചാലോ 100 ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞിരുന്നു
യു.എസിൽ വിൽപന അനുവദിക്കില്ലെന്നും ബന്ധം വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ്
ബ്രിക്സ് പ്രസ്താവനയെ
പിന്തുണച്ച് ഇന്ത്യ
ഇറാനിലെ ഇസ്രയേൽ,യു.എസ് ആക്രമണത്തെ അപലപിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) പ്രസ്താവനയിൽ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാൽ,ഇറാൻ മുതൽ ഗാസ വരെ ആഗോള പ്രശ്നങ്ങളെ അപലപിക്കുന്ന ബ്രിക്സ് പ്രസ്താവനയെ ഇന്ത്യ അടക്കം എല്ലാ അംഗങ്ങളും പിന്തുണച്ചു. ഗാസയിലേക്ക് മാനുഷിക സഹായം തടയപ്പെടുന്നതിലും ഇസ്രയേൽ ആക്രമണം തുടരുന്നതിലും ആശങ്കയുണ്ടെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പട്ടിണിയെ യുദ്ധമുറ ആക്കുന്നതിനെയും അപലപിച്ചു. ഗാസയിൽ അടിയന്തര വെടിനിറുത്തൽ വേണമെന്നും ആവശ്യപ്പെട്ടു.