തുർക്കി കമ്പനിക്ക് തിരിച്ചടി --- വിമാനത്താവളങ്ങളിലെ സേവനം വിലക്കിയത് ശരിവച്ചു
ന്യൂഡൽഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ്,കാർഗോ സേവനങ്ങൾ നൽകിവന്നിരുന്ന തുർക്കി കമ്പനിയെ വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. സെലബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,സെലബി കാർഗോ ടെർമിനൽ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ തള്ളി. രാജ്യസുരക്ഷ മുൻനിർത്തി ബ്യൂറൊ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) സ്വീകരിച്ച നടപടിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി.
വാദം തള്ളി
മുൻകൂർ നോട്ടീസോ,മുന്നറിയിപ്പോ ഇല്ലാതെ ഏകപക്ഷീയമായി സെക്യൂരിറ്റി ക്ലിയറൻസ് എടുത്തുമാറ്റുകയായിരുന്നുവെന്ന സെലബി കമ്പനിയുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വാഭാവിക നീതിക്കും,നടപടികളിലെ ന്യായത്തിനും മേലെയാണ് രാജ്യസുരക്ഷ. അക്കാര്യത്തിൽ സംശയത്തിനിടയില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് കാരണമെങ്കിൽ ജുഡിഷ്യൽ പരിശോധന നടത്തേണ്ട വിഷയമല്ലെന്നും കൂട്ടിച്ചേർത്തു. തങ്ങളുടെ ഇന്ത്യൻ യൂണിറ്റ് പൂർണമായും ഇന്ത്യൻ കമ്പനിയാണെന്നും,എല്ലാ ജീവനക്കാരും ഇന്ത്യക്കാരാണെന്നും വാദിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. ഡ്രോണുകൾ നിർമ്മിക്കുന്ന തുർക്കി കമ്പനി ബൈകറുമായോ,അതിന്റെ ഉടമ തുർക്കി പ്രസിഡന്റിന്റെ മകൾ സുമെയ്യേ എർഡോഗനുമായോ ബന്ധമില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
പാകിസ്ഥാനെ പിന്തുണച്ചത്
വിനയായി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ ടർക്കിഷ് സർക്കാർ പാകിസ്ഥാനൊപ്പമായിരുന്നു. പിന്നാലെയാണ് തുർക്കി കമ്പനിക്കെതിരെ നടപടിയുണ്ടായത്. ഡൽഹി,മുംബയ്,അഹമ്മദാബാദ്,കൊച്ചി,കണ്ണൂർ,ചെന്നൈ,ബംഗളൂരു,ഹൈദരാബാദ്,ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിലെ സേവനങ്ങളിലാണ് കമ്പനി കരാറെടുത്തിരുന്നത്. ഡൽഹി വിമാനത്താവളത്തിലെ കരാർ റദ്ദാക്കിയതിലാണ് ഡൽഹി ഹൈക്കോടതിയെ തുർക്കി കമ്പനി സമീപിച്ചത്.