വെടിനിറുത്തൽ: ട്രംപ്-നെതന്യാഹു ചർച്ചയിൽ പ്രതീക്ഷയോടെ ഗാസ

Tuesday 08 July 2025 7:09 AM IST

വാഷിംഗ്ടൺ: വെടിനിറുത്തലുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തുന്ന ചർച്ചയിലേക്ക് ഉറ്റുനോക്കി ഗാസ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിലൂടെ സമവായത്തിലെത്തിയ ശേഷം ട്രംപ് തന്നെ വെടിനിറുത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നുണ്ട്.

ഈ ആഴ്ച കരാർ അന്തിമമാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി ട്രംപ് അവതരിപ്പിച്ച കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചിരുന്നു. കരാറിന് അനുകൂലമാണെങ്കിലും വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വേണമെന്ന ഹമാസിന്റെ അഭ്യർത്ഥന പരിഗണിച്ച് മദ്ധ്യസ്ഥ രാജ്യമായ ഖത്തറിൽ പരോക്ഷ ചർച്ചകൾ ഇന്നലെ തുടങ്ങിയിരുന്നു.

ഇസ്രയേലിന്റെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ആദ്യ റൗണ്ട് ചർച്ചയിൽ സമവായത്തിൽ എത്താനായില്ല. ചർച്ചകൾ തുടരുകയാണെന്ന് ഖത്തർ അറിയിച്ചു. അതേ സമയം, 30ഓളം പേരാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ ഗാസയിൽ കൊല്ലപ്പെട്ടത്. ആകെ മരണം 57,520 കടന്നു.