റഷ്യയിൽ മുൻ ഗതാഗത മന്ത്രി മരിച്ചനിലയിൽ മരണം മന്ത്രി സ്ഥാനം നഷ്ടമായി മണിക്കൂറുകൾക്കുള്ളിൽ
Tuesday 08 July 2025 7:10 AM IST
മോസ്കോ: റഷ്യയിലെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയിറ്റിനെ (53) മോസ്‌കോയ്ക്ക് സമീപം കാറിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെയാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ റോമനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തുടർന്ന്, ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു മരണം. റോമന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുർസ്‌ക് മേഖലയിലെ ഗവർണറായിരുന്ന റോമൻ 2024 മേയിലാണ് ഗതാഗത മന്ത്രിയായത്. ഗവർണറായിരിക്കെയുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റോമനെ പുറത്താക്കിയത്. നോവ്‌ഗൊറോഡ് മേഖലയിലെ ഗവർണറായിരുന്ന ആൻഡ്രെയ് നികിതിനെ ആക്ടിംഗ് ഗതാഗത മന്ത്രിയായി നിയമിച്ചു.