മസ്‌കിനെ പരിഹസിച്ച് ട്രംപ്

Tuesday 08 July 2025 7:10 AM IST

വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ 'അമേരിക്ക പാർട്ടി"യ്ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മസ്കിന്റെ പദ്ധതി പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. യു.എസിലെ രാഷ്ട്രീയ സംവിധാനം രണ്ട് പാർട്ടികൾക്കായി (റിപ്പബ്ലിക്കൻ,ഡെമോക്രാറ്റിക്) രൂപകല്പന ചെയ്തതാണെന്നും മൂന്നാം പാർട്ടികൾ ആശയകുഴപ്പം സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇലോൺ മസ്ക് പൂർണമായും പാളത്തിൽ നിന്ന് തെന്നിമാറുന്നത് കാണുമ്പോൾ തനിക്ക് സങ്കടമുണ്ടെന്നും കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ദുരന്തമായി മാറിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചു. അതേസമയം,എന്താണ് ട്രൂത്ത് സോഷ്യലെന്നും,അതേപ്പറ്റി ഒരിക്കലും കേട്ടിട്ടില്ലെന്നും എക്സിലൂടെ മസ്ക് തിരിച്ചടിച്ചു.