ഗേറ്റ് കീപ്പർ ഉറങ്ങിയെന്ന് നാട്ടുകാർ, ബസ് ഡ്രൈവറെ പഴിച്ച് റെയിൽവെ; രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം തിരിച്ചറിഞ്ഞു
ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂൾ വാൻ ട്രെയിനിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. കടലൂർ കൃഷ്‌ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പ്ലസ് വൺ വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
കടലൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ശെമ്മൻകുപ്പത്താണ് അപകടമുണ്ടായത്. ബസ് കടന്നുപോയപ്പോൾ റെയിൽവേ ഗേറ്റ് അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടശേഷം ഗേറ്റ്‌കീപ്പറെ അന്വേഷിച്ചപ്പോൾ അയാൾ ഉറങ്ങിക്കിടക്കുന്നതാണ് നാട്ടുകാർ കണ്ടതെന്ന് ഹിന്ദുസ്ഥാൻ ടൈസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലെവൽ ക്രോസിൽ ഗേറ്റ് അടയ്‌ക്കാൻ ജീവനക്കാരൻ മറന്നുപോയി എന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യ പ്രതികരണം. പിന്നീട് സ്‌കൂൾ ബസ് ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയിൽവേ അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരുന്നതിന് മുമ്പ് വാൻ കടത്തിവിടണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടെന്നാണ് റെയിൽവേയുടെ വിശദീകരണം.
ഗേറ്റ് അടയ്‌ക്കാൻ വൈകിയത് ബസ് ഡ്രൈവർ നിർബന്ധിച്ചിട്ടാണെന്നും റെയിൽവേ അധികൃതർ വാദിച്ചു. സുരക്ഷാ, ഓപ്പറേഷൻ, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റെയിൽവേ പ്രസ്‌താവനയിൽ പറഞ്ഞു. സുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഗേറ്റ് കീപ്പറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കുകളുള്ളവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം നൽകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്. അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും സ്റ്റാലിൻ പ്രഖ്യാപിച്ചു.
റെയിൽവേ ട്രാക്കിൽ നിന്ന് ഏകദേശം 50 മീറ്ററോളം സ്‌കൂൾ ബസ് ഇഴച്ചുകൊണ്ടാണ് ട്രെയിൻ കടന്നുപോയത്. വില്ലുപുരം - മയിലാടുതുറൈ പാസഞ്ചർ ട്രെയിനാണ് സ്‌കൂൾ ബസിൽ ഇടിച്ചത്. കടലൂർ ജില്ലാ കളക്ടർ സിബി ആദിത്യ സെന്തിൽ കുമാർ, പൊലീസ് സൂപ്രണ്ട് എസ് ജയകുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. അപകടത്തെത്തുടർന്ന് കടലൂരിനും മയിലാടുതുറൈയ്‌ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.