ഇരുസർക്കാരുകളുടേതും ജനദ്രോഹ നിലപാട്, പ്രതികരിക്കണം: കെ.പി.സി.സി പ്രസിഡന്റ്

Wednesday 09 July 2025 12:47 AM IST

തൃശൂർ: ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ബുദ്ധിമുട്ടിക്കുന്ന സർക്കാരാണ് സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിലക്കയറ്റം നിയന്ത്രിക്കാനാവാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കിനിൽക്കുകയാണെന്നും ഇവർക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുസർക്കാരുകളും ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ടൗൺ ഹാളിൽ സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളുടെ വില കേന്ദ്രം വർദ്ധിപ്പിച്ചപ്പോൾ സെസ് ഏർപ്പെടുത്തി സംസ്ഥാനം ഇരട്ടിഭാരമുണ്ടാക്കി. സർക്കാർ കേസുകൾ വാദിക്കുന്ന അഭിഭാഷകർക്ക് ശമ്പളം കൂട്ടിയപ്പോൾ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ് സർക്കാർ. ഇതിനെതിരെ കൂട്ടായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കെ.പി.സി.സി മുൻ വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എന്നിവർ സംസാരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, അഡ്വ. വി. സുരേഷ്‌കുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നേതാക്കളായ ടി.എൻ. പ്രതാപൻ, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, എം.പി. വിൻസെന്റ്, അനിൽ അക്കര, ടി.യു. രാധാകൃഷ്ണൻ, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രമ്യ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.