നടൻ സെയ്ഫ് അലി ഖാന് വിനയായ എനിമി പ്രോപ്പർട്ടി ആക്ട് നമുക്കും പ്രശ്നമാകുമാേ? സ്വത്തുക്കൾ പിടിച്ചെടുക്കാൻ അനുമതി നൽകുന്ന നിയമം
15,000കോടി രൂപ മൂല്യമുള്ള തന്റെ പൂർവിക സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി. തർക്കത്തിലുള്ള സ്വത്തുക്കൾ 'എനിമി പ്രോപ്പർട്ടി ആക്ട്' പരിധിക്ക് കീഴിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് നടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. സെയ്ഫ്, അമ്മ ഷർമിള ടാഗോർ, സഹോദരിമാരായ സോഹ, സബ അലി ഖാൻ എന്നിവരെ സ്വത്തിന്റെ നിയമാനുസൃത അവകാശികളായി അംഗീകരിച്ച 2000ലെ വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.
ഈ വിധി പുറത്തുവന്നതോടെ എനിമി പ്രോപ്പർട്ടി ആക്ട് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ഒട്ടുമിക്കവർക്കും അറിയില്ല. പരസ്പരം ശത്രുതയിലുള്ള രണ്ടുപേർക്കിടയിലെ സ്വത്തുതർക്കവും ഇതിന്റെ പരിധിയിൽ വരുമോ, അങ്ങനെ വന്നാൽ തങ്ങളുടെ സ്വത്തുക്കളും സർക്കാരിന് പിടിച്ചെടുക്കാൻ കഴിയുമോ എന്നിങ്ങനെ നൂറായിരം സംശയമാണ് പലർക്കുമുള്ളത്. രാജ്യത്തെ 90 ശതമാനം പേർക്കും ദോഷകരമായി ബാധിക്കാത്തതാണ് ഈ ആക്ട് എന്നതാണ് സത്യം.
ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്കോ ചൈനയിലേക്കോ കുടിയേറിപ്പാർത്ത് അവിടത്തെ പൗരത്വം സ്വീകരിച്ചവർ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ സ്വത്തുക്കളെയാണ് എനിമി പ്രോപ്പർട്ടി അഥവാ ശത്രുസ്വത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരം ഈ സ്വത്തുക്കൾ പിടിച്ചെടുക്കാനും കൈകാര്യം ചെയ്യാനും കഴിയും. നമ്മുടെ രാജ്യത്ത് ഒരു ലക്ഷം കോടിയുടെ വസ്തുവകകളും 20,323 ആളുകളുടെ വകയായി 3000 കോടി രൂപ വില വരുന്ന 6.5 കോടി ഓഹരികളുമാണ് ഇത്തരത്തിലുള്ളത്. ഉത്തർപ്രദേശ്, ഡൽഹി, ബംഗാൾ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എനിമി പ്രോപ്പർട്ടി കൂടുതലുള്ളത്.
സെയ്ഫ് അലി ഖാന് എങ്ങനെ കിട്ടി എനിമി പ്രോപ്പർട്ടി
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് നാട്ടുരാജ്യമായിരുന്നു ഭോപ്പാൽ. അവിടത്തെ അവസാനത്തെ നവാബ് ആയിരുന്നു ഹമീദുല്ല ഖാൻ. അദ്ദേഹത്തിന്റെ കുടുംബസ്വത്തിന്റെ പേരിലാണ് കോടതിയും കേസും. ഹമീദുല്ല ഖാന് മൂന്ന് പെൺമക്കളായിരുന്നു. ഇതിൽ ആദ്യത്തെ മകളായ ആബി വിഭജനശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. രണ്ടാമത്തെ മകളായ സാജിദ നവാബ് ഇഫ്തിക്കർ അലിഖാൻ പട്ടൗഡിയെ വിവാഹം കഴിച്ചു. ഇവരുടെ പേരക്കുട്ടിയാണ് സെയ്ഫ് അലി ഖാൻ.
ഹമീദുല്ല ഖാന്റെ സഹോദരൻ ഉബൈദുല്ല ഖാനും മകൾ റാബിയ സുൽത്താനയുമാണ് കോടതിയെ സമീപിച്ചത്. 1999ലായിരുന്നു ഇത്. ഹമീദുല്ല ഖാന്റെ എല്ലാ അവകാശികൾക്കും സ്വത്തുക്കൾ തുല്യമായി വീതിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, കോടതി സാജിദയെ സ്വത്തുക്കളുടെ അവകാശിയായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ വിധിയോടെ ഇത് റദ്ദാവുകയായിരുന്നു.