അവിവാഹിത , ആറുമാസം ഗർഭിണി എന്ന് ഭാവന രാമണ്ണ
വാടക ഗർഭധാരണത്തിലൂടെ ഗർഭിണി എന്ന് വെളിപ്പെടുത്തി കന്നട നടി ഭാവന രാമണ്ണ. ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോവുകയാണെന്നും ഇപ്പോൾ ആറുമാസം ഗർഭിണിയാണെന്നും ഭാവന രാമണ്ണ വെളിപ്പെടുത്തി. നിറവയറിലുള്ള ചിത്രങ്ങളും പങ്കുവച്ചു.
എന്റെ ഇരുപതുകളിലും മുപ്പതുകളിലും മാതൃത്വം എന്റെ മനസിൽ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്ക് 40 വയസ് തികഞ്ഞപ്പോൾ, ആ ആഗ്രഹം നിഷേധിക്കാനാകാത്ത ഒന്നായി. എന്നാൽ അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ അത് അത്ര എളുപ്പമായിരുന്നില്ല. പല ഐ.വി.എഫ് ക്ളിനിക്കുകളും എന്നെ നിരസിച്ചു.
എന്നാൽ ഡോ. സുഷമ എന്നെ സ്വാഗതം ചെയ്തു. എന്റെ ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗർഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്നേഹത്തോടെയും കൂടെനിന്നു. ചിലർ എന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. പക്ഷേ എന്റെ ഹൃദയത്തിൽ എനിക്കറിയാം, ഞാൻ തയ്യാറായിരുന്നു. എന്റെ മക്കൾക്ക് അച്ഛൻ ഇല്ലായിരിക്കും. പക്ഷേ സംഗീതവും സംസ്കാരവും നിരുപാധികമായ സ്നേഹവും നിറഞ്ഞ ഒരു വീട്ടിൽ അവർ വളരും. അവർ സ്വന്തം പേരുകളോർത്ത് അഭിമാനിക്കുന്നവരാകും. ഭാവന രാമണ്ണയുടെ വാക്കുകൾ. 1997ൽ റിലീസ് ചെയ്ത ചന്ദ്രമുഖി പ്രാണാക്ഷി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരം നേടിയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. 2002, 2012 വർഷങ്ങളിൽ മികച്ച നടി പുരസ്കാരവും നേടി. രാഷ്ട്രീയത്തിലും പൊതുപ്രവർത്തന രംഗത്തും സജീവമാണ് ഭാവന രാമണ്ണ . റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ എന്ന മലയാള സിനിമയിലും അഭിനയിച്ചു.