മൊബൈൽ ഫോണുകൾ സൂക്ഷിച്ചോ ഹാക്കർമാർ ലൈവിലുണ്ട്...

Wednesday 09 July 2025 1:58 AM IST

ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി.

കഴിഞ്ഞദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബു തന്റെ ഫോൺ ഹാക്ക് ചെയ്തത് സംബന്ധിച്ച് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി. രണ്ടു ദിവസം മുമ്പ് പി.എം കിസ്സാൻ യോജന എന്ന പേരിൽ ഒരു ലിങ്ക് വാട്സ്ആപ്പിൽ വരികയും അത് ഓപ്പൺ ആക്കുന്നതിനിടയിൽ വാട്സ്ആപ്പ് തന്നെ ഇല്ലാതാവുകയും, ആ മെസ്സേജ് നിരവധി നമ്പരിലേക്ക് സെന്റാവുകയും ചെയ്തെന്നാണ് പരാതി. ഇത് തുറന്നുനോക്കിയ പലരുടെയും ഫോൺ നിശ്ചലമായെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് ലിജ ഈ നമ്പറിൽ നിന്നും ബിസ്നസ് വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ചപ്പോഴാണ് നിലവിൽ പഴയ അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതുവഴി പലർക്കും മോശം മെസേജുകൾ എത്തിയതോടെയാണ് ചതി മനസ്സിലാകുന്നത്. ലിജയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആറ്റിങ്ങലിലുള്ള ഒരു എൻജിനിയർക്കും സമാന അനുഭവമുണ്ടായെന്നും ഫോണിലെ പല ഡോക്യൂമെന്റുകളും നഷ്ട്ടപ്പെടുകയും ബാങ്ക് ട്രാൻസാക്ഷൻ ഉൾപ്പെടെ തടസപ്പെട്ടെന്നും പരാതിയുണ്ട്.